ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ വീണ്ടും കടമെടുപ്പ് ; 2000 കോടി സഹകരണ ബാങ്കുകളില്‍ നിന്നും സമാഹരിക്കാന്‍ നീക്കം

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളെ ആശ്രയിക്കാന്‍ സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 2000 കോടിരൂപ സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുക്കാനാണ് തീരുമാനം.

പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൂട്ടായ്മയിലൂടെയായിരിക്കും പണം സ്വരൂപിക്കുക. ക്ഷേമപെന്‍ഷനായി സര്‍ക്കാര്‍ രൂപവത്കരിച്ച കമ്ബനിയാണ് വായ്പയെടുക്കുക. മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്കാണ് ഫണ്ട് മാനേജര്‍. 9.1 ശതമാനമാണ് പലിശ.

നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ സഹകരണബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. ഒരുവര്‍ഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നതെങ്കിലും കാലാവധി പൂര്‍ത്തിയായ വായ്പ ഇതുവരെ തിരിച്ചടച്ചിട്ടില്ല. പലിശമാത്രം നല്‍കി ഒരുവര്‍ഷം കൂടി കാലാവധി നീട്ടുകയായിരുന്നു.

മുന്‍പുള്ള കടം തിരികെ നല്‍കാത്തതിനാല്‍ വീണ്ടും പണം നല്‍കുന്നതില്‍ സഹകരണ ബാങ്കുകള്‍ക്ക് എതിര്‍പ്പുമുണ്ട്. ഒന്നരവര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് കടമെടുപ്പിനായി സര്‍ക്കാര്‍ സഹകരണബാങ്കുകളെ സമീപിക്കുന്നത്.

RELATED STORIES