കോഴ ആരോപണത്തിൽ ടിജി നന്ദകുമാറിനെതിരെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി
Reporter: News Desk 15-Apr-20241,640
വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാൻ പോകുന്നില്ലെന്ന് അനിൽ ആന്റണി പറഞ്ഞു. നിയമപരമായ നടപടിയാണോ എന്ന് ചോദിച്ചപ്പോൾ കാത്തിരുന്ന് കാണാമെന്നായിരുന്നു മറുപടി.
കർമ്മം പോലെ കാര്യങ്ങൾ വന്നോളും. പ്രകാശ് ജാവദേക്കറേയും നന്ദകുമാർ കബളിപ്പിച്ചുണ്ടാകും. ജാവദേക്കറുമായി ഈ കാര്യം സംസാരിക്കാൻ സമയം കിട്ടിയിട്ടില്ല. അഭിഭാഷകനാണെന്ന് പറഞ്ഞു നടക്കുന്നയാളാണ് നന്ദകുമാർ. അയാൾക്ക് വിശ്വാസ്യത തീരെയില്ല. കാലഹരണപ്പെട്ട നേതാവ് എന്ന് പറഞ്ഞത് എംഎം ഹസ്സനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണ്. 80 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസ്സനാണ് കെപിസിസിയുടെ വർക്കിംഗ് പ്രസിഡൻ്റ്. ഹസന്റെ സംസ്കാരമില്ലാത്ത വാക്കുകൾക്ക് മറുപടിയില്ല എന്നും അനിൽ ആൻ്റണി പറഞ്ഞു.
സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം തളളി നേരത്തെയും അനിൽ ആന്റണി രംഗത്തുവന്നിരുന്നു. എല്ലാം പരാജയപ്പെട്ടപ്പോൾ ഒടുവിൽ ക്രിമിനൽ ആയ നന്ദകുമാറിനെ ഇറക്കി എന്നായിരുന്നു പ്രതികരണം. സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും 12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ടെന്നും അനിൽ ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.
അനിൽ ആന്റണിക്ക് 25 ലക്ഷം രൂപ നൽകിയെന്ന് ടിജി നന്ദകുമാർ ആവർത്തിച്ചിരുന്നു. ഫോട്ടോയും വിഡിയോയും ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുമെന്നും ടി ജി നന്ദകുമാർ വെല്ലുവിളിച്ചു. മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും ടി ജി നന്ദകുമാർ പറഞ്ഞു.
രമേശ് ചെന്നിത്തലയേയും കെ മുരളീധരനെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തെന്ന് തന്നോട് പറഞ്ഞിരുന്നു. സിപിഐഎമ്മിനെ എങ്ങനെ വലവീശാമെന്ന് പ്രകാശ് ജാവദേക്കർ തന്നോട് ചോദിച്ചിരുന്നുവെന്നും ടി ജി നന്ദകുമാർ പറഞ്ഞു.
അനിൽ ആന്റണി തന്നെ പറ്റിച്ച പോലെ, വസ്തു കാണിച്ച് രണ്ട് പേരിൽ നിന്ന് കൂടി പണം വാങ്ങിയെന്നും പണം തിരികെ ചോദിച്ച് വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും ടി ജി നന്ദകുമാർ പറഞ്ഞു. ബിജെപിയിലെ തീപ്പൊരി വനിതാ നേതാവിന് പണം നൽകിയത് അക്കൗണ്ട് വഴിയാണ്. തന്നെ പോലെ മറ്റ് രണ്ട് പേരെ കൂടി വസ്തു കാണിച്ച് പറ്റിച്ചിട്ടുണ്ട്. പണം ചോദിച്ച് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഇവർ ഇപ്പോൾ സ്ഥാനാർത്ഥിയാണെന്നും ടി.ജി.നന്ദകുമാർ ആരോപിച്ചു.