പാക്കിസ്താൻ യുവതിക്ക് ഇന്ത്യയിൽ പുതുജീവൻ

ചെന്നൈ : ദേശഭേദമില്ലാത്ത കരുതലിന്റെ തണലില്‍ പാകിസ്താന്‍ സ്വദേശിനിക്ക് പുതുജീവന്‍. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ആയിഷ റഷാനിനാണ് (19) ചെന്നൈയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌കമരണം സംഭവിച്ച ഡല്‍ഹി സ്വദേശിയുടെ ഹൃദയമാണ് ആയിഷയ്ക്ക് മാറ്റിവെച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടിയ ആയിഷയുടെ കുടുംബത്തിന് ചികിത്സച്ചെലവ് താങ്ങാനാകാതെ വന്നതോടെ പണം ചെന്നൈയിലുള്ള സന്നദ്ധസംഘടനയും ഡോക്ടര്‍മാരടക്കമുള്ളവരും സ്വരൂപിച്ചു നല്‍കുകയായിരുന്നു.

ഹൃദ്രോഗത്തെത്തുടര്‍ന്ന് 2019-ലാണ് ആയിഷ ആദ്യമായി ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്തിയത്. ചെന്നൈ അഡയാറിലെ ആശുപത്രിയില്‍ ഡോ. കെ.ആര്‍. ബാലകൃഷ്ണനായിരുന്നു ചികിത്സിച്ചത്. ഹൃദയം മാറ്റിവെക്കല്‍ ആവശ്യമായതിനാല്‍ ഇതിന് അപേക്ഷ നല്‍കി കാത്തിരിക്കയായിരുന്നു. കഴിഞ്ഞവര്‍ഷം ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് വീണ്ടും ചികിത്സയ്‌ക്കെത്തി. ഹൃദയം മാറ്റിവെക്കലല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, ഇന്ത്യയില്‍ അവയവദാനത്തിന് മുന്‍ഗണന സ്വദേശികള്‍ക്കായതിനാല്‍ ദാതാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഈയടുത്ത് മസ്തിഷ്‌കമരണം സംഭവിച്ച 69-കാരന്റെ ഹൃദയം സ്വീകരിക്കാന്‍ മറ്റാരും തയ്യാറാകാതെ വന്നതോടെ ആയിഷയ്ക്ക് നറുക്കുവീഴുകയായിരുന്നു. അപ്പോഴാണ് ചികിത്സച്ചെലവിനുള്ള 35 ലക്ഷത്തോളം രൂപ കണ്ടെത്താന്‍ സാധിക്കാതെവന്നത്. തുടര്‍ന്ന് സന്നദ്ധ സംഘടനയായ ഐശ്വര്യ ട്രസ്റ്റും ഡോക്ടര്‍മാരും ഹൃദയം മാറ്റിവെക്കലിന് വിധേയരായ മുന്‍രോഗികളും പണം സംഭാവനചെയ്തു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ആയിഷ കഴിഞ്ഞദിവസം ആശുപത്രി വിട്ടു.

RELATED STORIES