സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ചവരെ അവധി

തിരുവന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയിൽ 40ഡിഗ്രി സെൽഷ്യസ് വരെയും മറ്റു മൂന്ന് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരാൻ സാധ്യത ഉണ്ട്.

ഇതുൾപ്പടെ 12 ജില്ലകളിൽ പ്രത്യേക താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് നൽകി. ആലപ്പുഴയിൽ രാത്രികാല താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ പാലക്കാട് ജില്ലയിൽ 40°സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി. 40.4 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ട ചൂട്. സാധാരണയെക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ ആണിത്.

കഴിഞ്ഞ 12 ദിവസത്തിൽ 10 ദിവസവും പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഇന്നലെ സൂര്യഘാതമേറ്റ് രണ്ട് മരണങ്ങൾ സംസ്ഥാനത്ത് സംഭവിച്ചിരുന്നു. ചൂട് കൂടുന്നത് കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധി നൽകിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. അതിനിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽ മഴയും ലഭിച്ചേക്കും.

RELATED STORIES