കായംകുളത്ത് യുവാവിനെ റെയില്‍വേ ട്രാക്കിലിട്ട്‌ മര്‍ദിക്കുകയും വാള്‍ കാണിച്ച്‌ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസില്‍ മൂന്നാം പ്രതിയും അറസ്‌റ്റില്‍

കൃഷ്‌ണപുരം അജന്താ ജങ്‌ഷനു കിഴക്കുവശം രേഷ്‌മ ഭവനത്തില്‍ രാഹുലാ(22)ണ്‌ അറസ്‌റ്റിലായത്‌.

കാപ്പാ കേസ്‌ പ്രതിയുടെ താഴെ വീണ ഫോണ്‍ പോലീസില്‍ ഏല്‍പിച്ചതിനാണ്‌ കൃഷ്‌ണപുരം കാപ്പില്‍ കിഴക്ക്‌ പ്രസാദ്‌ ഭവനത്തില്‍ അരുണ്‍പ്രസാദി(26)നെ ഗുണ്ടാസംഘം ക്രൂരമായി മര്‍ദിച്ചത്‌.
പാറക്കല്ലുകൊണ്ട്‌ അരുണ്‍പ്രസാദിന്റെ കൈമുട്ടും കാല്‍മുട്ടും ഇടിച്ചു പരുക്കേല്‍പ്പിക്കുകയും സംഭവം മൊബൈല്‍ ഫോണില്‍ റെക്കോഡ്‌ ചെയ്‌ത് മറ്റുള്ളവര്‍ക്ക്‌ അയച്ചുകൊടുത്തതും രാഹുലാണ്‌.

കൃഷ്‌ണപുരം ഞക്കനാല്‍ അനൂപ്‌ ഭവനത്തില്‍ അനൂപ്‌ശങ്കര്‍(28), സഹോദരന്‍ അഭിമന്യു(സാഗര്‍-24), പത്തിയൂര്‍ എരുവ പുല്ലംപ്ലാവില്‍ ചെമ്പക നിവാസില്‍ അമല്‍(ചിന്തു-24) എന്നിവരെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.

കഴിഞ്ഞ 16 ന്‌ ആക്കനാട്‌ കോളനിയുടെ വടക്കുവശമുള്ള ഗ്രൗണ്ടിലും സമീപമുള്ള റെയില്‍വേ ട്രാക്കിനു സമീപവും പ്രതികള്‍ അരുണ്‍പ്രസാദിനെ ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി അനൂപും സഹോദരന്‍ അഭിമന്യുവും ഗുണ്ടയും കാപ്പാ നിയമപ്രകാരം ജയില്‍വാസം അനുഭവിച്ചവരുമാണ്‌.

നിലവില്‍ ആലപ്പുഴ ജില്ലയില്‍നിന്നു കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണ്‌ അമല്‍.

RELATED STORIES