പത്തനംതിട്ട ജില്ലയിലെ ചിലയിടങ്ങളില്‍ ആഭിചാരക്രിയകളും ദുര്‍മന്ത്രവാദപ്രവൃത്തികളും നടക്കുന്നതായി പരാതികളുണ്ടെന്നും, ആളുകള്‍ ഇത്തരക്കാരുടെ ചതിയില്‍പ്പെടരുതെന്നും പൊലീസ്

ഇത്തരം ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി വി അജിത് ഐ പി എസ് അറിയിച്ചു. പൊതുജനങ്ങളില്‍ നിന്നും ഇത്തരക്കാരെ സംബന്ധിച്ച പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ജ്യോതിഷാലയത്തിന്റെ മറവില്‍ ദുര്‍മന്ത്രവാദം നടക്കുന്നുണ്ടെന്ന പരാതിയില്‍ കോന്നി ളാക്കൂരിലെ ജ്യോതിഷിയെ കഴിഞ്ഞദിവസം പൊലീസ് താക്കീത് ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കോന്നി പൊലീസ് അന്വേഷണം നടത്തി നടപടി കൈക്കൊണ്ടത്. ജില്ലയിലെ വേറെ ചിലയിടങ്ങളിലും ദുര്‍മന്ത്രവാദ ആഭിചാരവൃത്തികള്‍ നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളും മറ്റും താമസിക്കുന്ന ഒരു സ്ഥലത്തെ രണ്ടു നിലക്കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ നേതൃത്വത്തില്‍ മുറിയിലും പുറത്തുമായി കോഴിക്കുരുതി പോലെയുള്ള ദുര്‍മന്ത്രവാദപ്രവൃത്തികള്‍ നടക്കുന്നതായി പറയപ്പെടുന്നു. പലയിടങ്ങളില്‍ നിന്നും വളരെയധികം ആളുകള്‍ സംശയകരമായ സാഹചര്യത്തില്‍ ഇവിടെയെത്തുന്നു. പുരോഗമനചിന്താഗതിയുള്ള നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഇതുപോലെയുള്ള ചതികളില്‍പ്പെടരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ആളുകളുടെ വിശ്വാസങ്ങള്‍ മുതലെടുത്ത് സാമ്പത്തിക നേട്ടത്തിനായി ഇങ്ങനെ ചെയ്യുന്നവരെ തിരിച്ചറിയണമെന്നും ഇക്കൂട്ടര്‍ക്ക് അടിപ്പെടരുതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

RELATED STORIES