ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ഷമാപണം നടത്തി, 3,000ത്തോളം ആളുകള്‍ മരിച്ച ചികിത്സാ ദുരന്തം വേദനാഖരം
Reporter: News Desk 22-May-20241,402
ലണ്ടന്‍: എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അണുബാധയുള്ള രക്തം സ്വീകരിച്ച് 3,000ത്തോളം പേര്‍ മരിക്കാനും അനേക മടങ്ങ് ആളുകള്‍ രോഗബാധിതരാകാനുമിടയായ പഴയ സംഭവത്തില്‍ ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പതിറ്റാണ്ടുകളായി അപകീര്‍ത്തികരമായ ഈ റിപ്പോര്‍ട്ട് മൂടിവയ്‌ക്കപ്പെട്ടുവെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും അദ്‌ദേഹം പറഞ്ഞു.
1970-1990 കാലഘട്ടത്തില്‍ യു.എസില്‍ നിന്നും മറ്റും എത്തിച്ച അണുബാധയുള്ള രക്തം പരിശോധന കൂടാതെ നല്‍കിയതിനാല്‍ 30,000-ത്തിലധികം ആളുകള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വൈറസുകള്‍ ബാധിച്ചതായി ഇന്‍ഫെക്റ്റഡ് ബ്ലഡ് എന്‍ക്വയറി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് ദശാബ്ദക്കാലത്തെ ദേശീയ ആരോഗ്യ സേവനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ചികിത്സാ ദുരന്തത്തില്‍ 3,000ത്തോളം ആളുകളാണ് മരിച്ചത്. ഞാന്‍ ശരിക്കും ഖേദിക്കുന്നു’ ജനസഭയില്‍ സുനക് പറഞ്ഞു. എത്ര തുക ചെലവായാലും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അദ്‌ദേഹം വ്യക്തമാക്കി. ഇത് 12 ബില്യണ്‍ ഡോളറിനു മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1970 നും 1987 നും ഇടയില്‍ ഹീമോഫീലിയ ബാധിച്ച 122 വിദ്യാര്‍ത്ഥികള്‍ക്ക് അണുബാധയുള്ള രക്തം നല്‍കിയിരുന്നു. അന്നത്തെ 30 പേര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളൂ.
രക്തത്തിലൂടെ എയ്ഡ്സ് പകരാമെന്ന് 1980-കളുടെ തുടക്കത്തില്‍ വ്യക്തമായിരുന്നിട്ടും മാറിമാറി വന്ന സര്‍ക്കാരുകളും ആരോഗ്യ വിദഗ്ധരും കരുതലെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ നിന്നും തടവുകാരില്‍ നിന്നും മറ്റും ശരിയായ രീതിയില്‍ പരിശോധിക്കാതെ സ്വീകരിച്ച രക്തമാണ് അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ ഇറക്കുമതി ചെയ്തത്. 1993-ല്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ രേഖകള്‍ നശിപ്പിച്ചതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ അഴിമതി മറച്ചുവെക്കാനുള്ള ശ്രമങ്ങളും ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ജനസഭയില്‍ മാപ്പു ചോദിച്ചത്.