കാനഡയിലെ മലയാളി യുവതിയുടെ കൊലപാതകം ഒന്നര കോടി ഭർത്താവ് ഒളിവിൽ

കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. പതിനെട്ട് ദിവസത്തിന് ശേഷം അവിടത്തെ നിയമനടപടികൾ പൂർത്തിയാക്കിയാണ് കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്. എന്നാൽ കാനഡയിൽ നടന്ന കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ലാൽ കെ പൗലോസിനെ ഇനിയും കാനഡയിലെ പൊലീസ് സംഘത്തിന് കണ്ടെത്തായിട്ടില്ല.

ഡോണയുടെ ഭർത്താവ് ഇന്ത്യയിലേക്ക് മുങ്ങിയതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാൽ കടന്നു കളഞ്ഞതെന്നും ഇയാൾ ദില്ലിയിൽ വിമാനമിറങ്ങിയെന്നും വിവരമുണ്ട്.

ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം ആവശ്യപ്പെട്ടു.

അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും ഡോണയുടെ കുടുംബം നീക്കം തുടങ്ങി. മെയ് ഏഴിന് ഡോണയുടെ ഭർത്താവ് ലാൽ കെ. പൗലോസ് ഡോണയുടെ സഹോദരന് ഡോണയും താനും ആത്മഹത്യ ചെയ്യുകയാണെന്ന് ഇ മെയിൽ അയച്ചിരുന്നു.

കാനഡ പൊലീസുമായി വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് ഡോണയുടെ മൃതശരീരം കണ്ടെത്തുന്നത്. ഒരുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു മൃതശരീരത്തിന്. ചൂതാട്ടത്തിൽ ഉൾപ്പെട്ട് കടക്കാരനായ ലാൽ കെ പൗലോസ്, ഡോണയുമായി വഴക്കിട്ടിരുന്നു. വീണ്ടും ചൂതാട്ടത്തിൽ പണമിറക്കുന്നത് ഡോണ തടഞ്ഞത് കൊലപാതകത്തിൽ കലാശിച്ചെന്നാണ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഡോണയുടേത് കൊലപാതകമെന്ന് കാന‍ഡ പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

RELATED STORIES