സർക്കാരിൻ്റെ മദ്യ നയം തിരുത്തണമെന്ന് പിസിഐ
Author: Jaise PandanadReporter: News Desk 26-May-2024
2,009
തിരുവല്ല : ഡ്രൈ ഡേ പിൻവലിക്കാനും ഐ ടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുമുള്ള ആലോചനയിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നു പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ലഹരി വിമുക്ത കേരളമാണ് നയമെന്ന് ആവർത്തിച്ച് പറയുമ്പോഴും പുതിയ ബാറുകൾ അനുവദിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. ബാറുടമകൾ തമ്മിലുള്ള കിടമൽസരത്തിനും പണപ്പിരിവിനും വഴിയിടുന്നത് നിരാശാജനകമാണ്. മുൻ സർക്കാർ പൂട്ടിയ ബാറുകൾ വീണ്ടും തുറന്നും പുതിയ ബാറുകൾ അനുവദിച്ചും മദ്യനയത്തിൽ വെള്ളം ചേർക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ 920 ബാറുകളാണ് ഉള്ളത്. 29 പഞ്ച നക്ഷത്ര ബാറുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പൂട്ടിയ 482 ബാറുകൾക്ക് ലൈസൻസ് നൽകിയതിന് പുറമെ, 409 പുതിയ ലൈസൻസ് കൂടെ നൽകിയിരിക്കുകയാണ്. മദ്യത്തിൻ്റെ ഉല്പാദനവും വിതരണവും പരമാവധി കുറച്ച് കൊണ്ട് മദ്യ വർജ്ജനം കൃത്യമായ ബോധവത്ക്കരണത്തിലൂടെ നടപ്പിലാക്കണം. വൈപ്പിൻകര,പുനലൂർ, പട്ടാഴി, പള്ളിക്കൽ, കല്ലുവാതുക്കൽ തുടങ്ങിയ മദ്യദുരന്തങ്ങൾ ആവർത്തിക്കാതിരി ക്കാൻ സർക്കാർ ജാഗ്രത പുലർത്തണം. സ്കൂൾ - കോളേജ് കാമ്പസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കാൻ കൂടുതൽ ജാഗ്രത കാണിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ടുമെൻ്റ്കൾ ശ്രമിക്കണം. നാടിൻ്റെ സമാദനവും സമാധാനവും സൈര്യജീവിതവും നശിപ്പിക്കുന്ന ഈ സാമൂഹിക വിപത്തിനെ പ്രബുദ്ധ സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണമന്ന് പിസിഐ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യ മന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മിഷണർക്കും നിവേദനം നൽകാനും തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്കുതോട്, അനീഷ് കൊല്ലങ്കോട്, രാജീവ് ജോൺ, ബിനോയ് ചാക്കോ, പി ടി തോമസ്, ജോമോൻ ജോസഫ്, ടി വൈ ജോൺസൺ, ആർ സി കുഞ്ഞുമോൻ, സതീഷ് നെൽസൺ, പി കെ യേശുദാസ്, എബ്രഹാം ഉമ്മൻ, അനീഷ് ഐപ്പ് എന്നിവർ പ്രസംഗിച്ചു.