45 മണിക്കൂർ ധ്യാനത്തിനായി പ്രധാനമന്ത്രി ഇന്നു കന്യാകുമാരിയിലെത്തും

കന്യാകുമാരി: 45 മണിക്കൂർ നീണ്ട ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കന്യാകുമാരിയിലെത്തും. നാലായിരത്തോളം പൊലീസുകാരെയാണ് കന്യാകുമാരി തീരത്തും കടലിലുമായി വിന്യസിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞ് 3.55ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാ‍ഡിൽ ഇറങ്ങും.

ലോക്സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ് പ്രചാരണം പൂർത്തിയാകുന്ന ഇന്നു വൈകിട്ട് മോദി വിവേകാനന്ദ സ്മാരകത്തിൽ ധ്യാനത്തിൽ പ്രവേശിക്കുക. ഭഗവതി അമ്മൻ ക്ഷേത്രത്തിൽ മോദി ദർശനം നടത്തും. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക്. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് ഇന്നു വൈകിട്ടു മുതൽ മറ്റന്നാൾ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരും. പിന്നീട് 3.25 ന് കന്യാകുമാരിയിൽ നിന്നു തിരിച്ച് 4.05ന് തിരുവനന്തപുരത്തത്തി 4.10ന് ഡൽഹിക്കു മടങ്ങും.


RELATED STORIES