സംസ്ഥാനത്ത് വരും മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Reporter: News Desk 02-Jun-20241,411
മധ്യ-വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. തൃശൂര്‍, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
തൃശൂര്‍ ജില്ലയില്‍ രാവിലെ മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ നഗരപ്രദേശവും ഗ്രാമ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. വീടുകളിലും ആശുപത്രികളിലും വെള്ളം കയറി. ഗതാഗതവും തടസ്സപ്പെട്ടു. കോഴിക്കോട് മണ്ണിടിച്ചിലും ഇടുക്കിയില്‍ ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തു.
തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
‘അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം’, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.