കായംകുളത്തിന്റെ വിപ്ലവം' ഫെയ്‌സ്ബുക്ക് പേജില്‍ സി.പി.എം നേതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനം

ഒരു ഇടവേളയ്ക്കുശേഷമാണ് സി.പി.എം. നേതൃത്വത്തിനെതിരേ ഇവര്‍ പരസ്യമായി രംഗത്തെത്തിയത്. വര്‍ഷങ്ങളായി നിലനിന്നിരുന്ന സംഘടനാ പ്രശ്‌നം ചെറിയ തോതിലെങ്കിലും പരിഹരിക്കുന്നതിനു നേതൃത്വം തയാറാകാത്തതാണ് തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമെന്നും ചില നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയാലേ കായംകുളത്ത് സി.പി.എം. നന്നാകൂവെന്നും ഇവര്‍ തുറന്നടിച്ചു.

യു.പ്രതിഭ എം.എല്‍.എയ്‌ക്കെതിരേ നേതൃത്വത്തില്‍ ചിലരുടെ പിന്തുണയോടെ തുടങ്ങിയ ഉള്‍പ്പോര് മണ്ഡലത്തില്‍ ബാധിച്ചു. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള നിര്‍ദേശങ്ങള്‍ ഏരിയാ കമ്മിറ്റി തയാറാക്കി മുന്‍ഗണനാടിസ്ഥാനത്തില്‍ എം.എല്‍.എയുമായി കൂടിയാലോചിച്ചു നടപ്പാക്കുന്ന രീതി ഇല്ലാതായിട്ട് ഏഴു വര്‍ഷം പിന്നിട്ടു. എം.എല്‍.എയുമായുള്ള വ്യക്തിവിരോധം തീര്‍ക്കുന്നതിനായി ഏരിയാതല നേതാക്കള്‍ തുടങ്ങിവച്ച കുരുക്ക് നിലവില്‍ നേതാക്കളുടെ കഴുത്തില്‍തന്നെ മുറുകിയതിന്റെ ഫലമാണ് മണ്ഡലത്തില്‍ എല്‍.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ട കാരണങ്ങളിലൊന്നെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

ജില്ല, ഏരിയ, ലോക്കല്‍ നേതാക്കളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൗരവമേറിയ അഴിമതിയാരോപണങ്ങള്‍ പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കെതിരായ അവമതിപ്പിനു കാരണമായി. പുള്ളിക്കണക്ക് ബാങ്കില്‍ നടത്തിയ ക്രമക്കേടുകളും മദ്യക്കച്ചവടക്കാരനില്‍നിന്നു കൈപ്പറ്റിയ അഴിമതിപ്പണവും ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധങ്ങളുമെല്ലാം പാര്‍ട്ടിയില്‍ സാധാരണക്കാരുടെ വിശ്വാസത്തിനു മങ്ങലേല്‍പ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം തൊഴില്‍ വാഗ്ദാനം നല്‍കി കോഴ വാങ്ങിയതും സാമ്പത്തിക അഴിമതിയുമെല്ലാം ജനങ്ങളെ പാര്‍ട്ടിക്കെതിരായി ചിന്തിപ്പിച്ചു.

സമൂഹത്തിനു മാതൃകയാകേണ്ട പാര്‍ട്ടി നേതാക്കള്‍ അഴിമതി, വ്യഭിചാരം, ആഭിചാരം, ക്വട്ടേഷന്‍, ലഹരി മാഫിയാ ബന്ധം തുടങ്ങിയ വഴിക്കു നീങ്ങിയപ്പോള്‍ ജനം കൈവിട്ടു. മുന്‍ ഏരിയ കമ്മിറ്റിയംഗത്തിന്റെ പരസ്ത്രീ ബന്ധം ചോദ്യംചെയ്ത ഭാര്യയെ മര്‍ദിച്ചതും ഭാര്യയുടെ പരാതിയില്‍ അച്ചടക്കനടപടി സ്വീകരിച്ചതും കരീലക്കുളങ്ങരയിലെ സത്യന്‍ കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തതായിരുന്നു എന്നത് പരാതിയായി തയാറാക്കി ചാനലുകള്‍ക്കു നല്‍കിയതും പത്തിയൂരില്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി.

ഏരിയാ കമ്മിറ്റി അംഗങ്ങളായിരുന്ന അമ്മയും മകനും ബി.ഡി.ജെ.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് വാര്‍ത്തയായി ചാനലുകള്‍ക്ക് നല്‍കി നേതൃത്വവുമായി വിലപേശലിനു ശ്രമിച്ചതും വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള വിശ്വാസം തകര്‍ത്തു. ദേശാഭിമാനിക്കു പണം പിരിക്കുന്നതും പാര്‍ട്ടി ഫണ്ടും ലെവിയും പിരിക്കുന്നതുമല്ല സംഘടനാ പ്രവര്‍ത്തനമെന്നു നേതാക്കള്‍ മനസിലാക്കണമെന്നു 'കായംകുളത്തിന്റെ വിപ്ലവം' കുറ്റപ്പെടുത്തുന്നു.

ഏരിയാ നേതാവിനും ജില്ലാ നേതാവിനുമെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിട്ടുള്ളത്. ഇവര്‍ പാര്‍ട്ടിയില്‍നിന്നു പോയാലേ സി.പി.എം. നന്നാകൂവെന്ന കുറ്റപ്പെടുത്തലുമുണ്ട്. ദേവികുളങ്ങരയിലെ പരാജയത്തിനു കാരണം കള്ളും പെണ്ണും മണ്ണുമായി നടക്കുന്ന നേതാക്കളാണെന്നും ഇവര്‍ ആരോപിക്കുന്നു. പാര്‍ട്ടിയില്‍നിന്നു രാജിവച്ചെന്നു മാധ്യമങ്ങളിലൂടെ അറിയിച്ച അമ്മയെയും മകനെയും തിരിച്ചുകൊണ്ടുവന്നു സംരക്ഷിച്ചു നിര്‍ത്തിയപ്പോള്‍ പത്തിയൂരിലെ പാര്‍ട്ടിയെ ജനം കൈവിട്ടു. കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പത്തിയൂരില്‍ എന്‍.ഡി.എ. കൈവരിച്ച മുന്നേറ്റത്തെ ഗൗരവമായി കാണാനോ തടയിടാനോ നേതൃത്വം ശ്രമിച്ചില്ല.

ടൗണില്‍ ഏരിയ സെക്രട്ടറിയുടെ ബൂത്തില്‍ പോലും ജയിക്കാന്‍ പറ്റിയില്ല. കണ്ടല്ലൂര്‍ ബാങ്കില്‍ പ്ലാസ്റ്റിക് കസേരയ്ക്കു പെയിന്റടിച്ചും സ്വര്‍ണപ്പണയ തിരിമറിയിലൂടെയും ലക്ഷങ്ങള്‍ തട്ടിയവരെ സംരക്ഷിച്ച ജില്ല, ഏരിയ നേതൃത്വത്തിനുള്ള തിരിച്ചടിയാണിതെന്നും പോസ്റ്റില്‍ പറയുന്നു. കൃഷ്ണപുരത്തു സി.പി.എം. നേതാക്കളുടെ പരസ്യമായ ബി.ജെ.പി. ബന്ധവും വിനയായി. കായംകുളത്തു ബി.ജെ.പിക്കു ഭൂരിപക്ഷം നേടിക്കൊടുക്കാന്‍ പരിശ്രമിച്ച നേതാക്കള്‍ മാന്യമായി ഒഴിഞ്ഞുപോകണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

RELATED STORIES