മൺസൂൺ എത്തിയതോടെ പഴം, പച്ചക്കറി വില കുതിച്ചുയരുന്നു
Reporter: News Desk 12-Jun-20241,106
എറണാകുളം ജില്ലയിൽ മിക്ക ഇനങ്ങൾക്കും ഇരട്ടിയോളമായി വില. വില ഇനിയും ഉയരും എന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ ബീൻസ്, പച്ചമുളക്, പാവയ്‌ക്ക, തക്കാളി,കാരറ്റ്, വെള്ളരി, ചേന തുടങ്ങിയവയ്‌ക്കെല്ലാം വൻ വില വർദ്ധനയാണുണ്ടായത്. കിലോയ്‌ക്ക് 35 മുതൽ 40 വരെയുണ്ടായിരുന്ന തക്കാളി 70ലെത്തി. 50 രൂപയുണ്ടായിരുന്ന പച്ചമുളക് 90 രൂപയായി. 60 രൂപയുണ്ടായിരുന്ന ബീൻസിന് 50 രൂപയോളം വർദ്ധിച്ച് 110ലെത്തി.
അയൽ സംസ്ഥാനങ്ങളിൽ പച്ചക്കറി, പഴം ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തേക്ക് വരവ് കുറഞ്ഞതാണ് വില ഉയരാനുള്ള പ്രധാന കാരണം. വേനൽ ശക്തമായതോടെ കൃഷി നശിച്ചതും, മഴ നേരത്തെ എത്തിയതും വിലയെ ബാധിച്ചു.
ഒരാഴ്ച വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി വാങ്ങാൻ ശരാശരി 600 രൂപക്ക് മുകളിലാകുമെന്നാണ് സാധാരണക്കാർ പറയുന്നത്. പച്ചക്കറി വില വർധിച്ചതോടെ ഹോട്ടലുകളും പ്രതിസന്ധിയിലായി. മാർക്കറ്റ് വില അനുസരിച്ച് ഭക്ഷണത്തിനും വില കൂട്ടാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
ഇറച്ചി വിലയും കുത്തനെ കൂടുകയാണ്.ചിക്കന്റെയും ബീഫിന്റെയും വിലയിൽ വൻ വർദ്ധനയാണ് ഉണ്ടായത്. വില വർദ്ധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചു. വേനലിന്റെ തുടക്കം മുതൽ തന്നെ കോഴിയിറച്ചി വില കൂടി തുടങ്ങിയിരുന്നു. നിലവിൽ 180 രൂപയാണ് ഒരു കിലോ കോഴിക്ക്. ഇറച്ചിയാണെങ്കിൽ 260 മുതൽ 270 വരെയാണ് വില. ഇറച്ചി വില കയറിയതോടെ പലരും മത്സ്യത്തെ ആശ്രയിച്ചിരുന്നെങ്കിലും ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യത്തിനും വില കൂടി.
നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 300 രൂപയാണ് വില. അഴീക്കോട് ഹാർബറിലും മത്തിക്ക് 300 രൂപയാണ് വില. കുഞ്ഞയലയ്‌ക്ക് 200 രൂപയുമാണ് ശരാശരി വില.ലഭ്യത കുറവും ട്രോളിംഗ് നിരോധനവുമാണ് മീൻ വില കത്തിക്കയറാൻ കാരണം. വരും ദിവസങ്ങളിൽ വില ഇനിയും കുതിക്കുമെന്നാണ് വിലയിരുത്തൽ. 52 ദിവസം നീണ്ട് നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31-ന് അർദ്ധരാത്രി അവസാനിക്കും.
ബീഫിന് റെക്കാഡ് വില വർദ്ധനയാണുണ്ടായത്. 400 മുതൽ 450 വരെയാണ് കിലോയ്‌ക്ക്. പോത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ആട്ടിറച്ചിക്ക് വില 800 രൂപയ്‌ക്ക് മുകളിലാണ്.