ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ബാക്കിയാക്കി സ്‌റ്റെഫിന്റെ വിടവാങ്ങല്‍

കോട്ടയം : കുവൈറ്റിൽ ഉണ്ടായ അഗ്നിബാധയില്‍ മരിച്ച പാമ്പാടി ഇടിമാരിയില്‍ സ്‌റ്റെഫിന്റെ പുതിയ വീടു നിര്‍മാണം അന്തിമ ഘട്ടത്തിലാണ്‌. എം.ജി.എം. സ്‌കൂളില്‍ നിന്ന്‌ അര കിലോമീറ്റര്‍ മാത്രം അകലെയാണ്‌ പുതിയ വീട്‌ നിര്‍മിക്കുന്നത്‌.

വിദേശത്തുള്ള മറ്റു സഹോദരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ജൂലൈ അവസാനം നാട്ടിലെത്തി ഗൃഹപ്രവേശം നടത്താന്‍ തീരുമാനിച്ചിരിക്കേയാണ്‌ ഇന്നലെ വൈകിട്ട്‌ ദുരന്ത വാര്‍ത്ത എത്തിയത്‌. ഓണത്തോടെ സ്‌റ്റെഫിന്റെ വിവാഹവും നടത്തുവാന്‍ ആലോചിച്ചിരുന്നു.

ആറുമാസംമുന്‍പ്‌ നാട്ടിലെത്തി തിരിച്ചുപോയ സ്‌റ്റെഫിന്‍ ചൊവ്വാഴ്‌ച രാത്രി വീട്ടിലേയ്‌ക്ക് വീഡിയോ കോളില്‍ വിളിച്ചിരുന്നു. പുതുതായി ബുക്ക്‌ ചെയ്‌ത കാറിന്റെ കാര്യവും സംസാരിച്ചു. ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്‌ വിങ്ങിപ്പൊട്ടുന്ന മാതാവ്‌ ക്ഷേര്‍ളിയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഇടിമാരിയില്‍ വീട്ടിലെത്തിയവര്‍ പതറി. രോഗബാധിതനായ പിതാവ്‌ സാബു ദീര്‍ഘനാളായി ചികിത്സയിലാണ്‌്. പാമ്പാടി ടൗണിനു സമീപം വാടകക്ക്‌ താമസിക്കുന്ന കുടുബം സ്വന്തമായി വീടെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുവാനുള്ള കഠിന ശ്രമത്തിലായിരുന്നു.

സ്‌റ്റെഫിന്‍ സഹോദരന്‍ ഫെബിനൊപ്പമാണ്‌ ജോലി ചെയ്‌തിരുന്നതെങ്കിലും താമസം മറ്റൊരു ഫ്‌ളാറ്റിലായിരുന്നു. ഇളയ സഹോദരന്‍ കെവിന്‍ ഇസ്രായേലില്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം ചെയ്യുകയാണ്‌. സ്‌റ്റെഫിന്റെ മരണവാര്‍ത്തയറിഞ്ഞ്‌ കെവിന്‍ അവിടെ നിന്ന്‌ ഡല്‍ഹിക്ക്‌ തിരിച്ചിട്ടുണ്ടന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

സ്‌റ്റെഫിന്റെ മരണവിവരം അറിഞ്ഞു നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നു നിരവധി പേരാണ്‌ പാമ്പാടിയിലെ വീട്ടിലെത്തിയത്‌.

RELATED STORIES