നാഗ്‌പുരില്‍ വയോധികന്‍ കാറിടിച്ചു മരിച്ച സംഭവം ക്വട്ടേഷന്‍ കൊലപാതകം
Reporter: News Desk 13-Jun-20241,972
300 കോടി രൂപയുടെ സ്വത്ത് കൈക്കലാക്കാന്‍ ഭര്‍തൃപിതാവിനെ മരുമകള്‍ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ മരുമകള്‍ അറസ്‌റ്റില്‍.
നാഗ്‌പുര്‍ സ്വദേശി പുരുഷോത്തം പുത്തേവാര്‍(82) കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ മനീഷിന്റെ ഭാര്യയും ടൗണ്‍ പ്ലാനിങ് വിഭാഗം അസി. ഡയറക്‌ടറുമായ അര്‍ച്ച പുത്തേവാറാണ് കഴിഞ്ഞയാഴ്‌ച അറസ്‌റ്റിലായത്. കഴിഞ്ഞ മേയ് 22-ന് നാഗ്‌പുര്‍ ബാലാജി നഗറില്‍വച്ചാണ് വ്യാപാരിയായ പുരുഷോത്തം കാര്‍ അപകടത്തില്‍ മരിച്ചത്.
മകളുടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെ അദ്ദേഹത്തെ കാര്‍ ഇടിക്കുകയായിരുന്നു.
അമിതവേഗത്തിലെത്തിയ കാര്‍ പുരുഷോത്തമിനെ ഇടിച്ചുവീഴ്‌ത്തുകയും റോഡിലൂടെ വലിച്ചിഴയ്‌ക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍, സാധാരണ അപകടമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംശയങ്ങളുണ്ടായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുരുഷോത്തമിനെ വധിക്കാന്‍ മരുമകള്‍ ക്വട്ടേഷന്‍ നല്‍കിയതാണെന്നു കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. അപകടത്തില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ഒരു കോടി രൂപയാണ് ക്വട്ടേഷന്‍ സംഘത്തിന് അര്‍ച്ചന നല്‍കിയത്. പുരുഷോത്തമിന്റെ പേരിലുള്ള 300 കോടി രൂപയുടെ സ്വത്ത് ലക്ഷ്യമിട്ടായിരുന്നു ക്വട്ടേഷനെന്നും പോലീസ് പറഞ്ഞു.
ഭര്‍ത്താവ് മനീഷിന്റെ ഡ്രൈവര്‍ സാര്‍ഥക് ബാഗ്‌ദെയാണ് ക്വട്ടേഷന്‍ നല്‍കാന്‍ അര്‍ച്ചനയെ സഹായിച്ചത്. ക്വട്ടേഷന്‍ സംഘത്തലവന്‍ സച്ചിന്‍, അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച നീരജ് എന്നിവരും സംഭവത്തില്‍ അറസ്‌റ്റിലായിട്ടുണ്ട്.