കുവൈറ്റ് ദുരന്തം : ഉറ്റവരുടെ വേർപാടിൽ ഹൃദയം നുറുങ്ങി ബന്ധുക്കൾ
Reporter: News Desk 13-Jun-20241,158
ലോകത്തെ തന്നെ ഏറെ നടുക്കിയ വാർത്തയാണ് ബുധനാഴ്ച പുലർച്ചെ തന്നെ കുവൈറ്റിൽ നിന്നും കേട്ടത്. മംഗഫയിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്ത വാർത്ത നടുക്കത്തോടെയാണ് ലോകം കേട്ടത്.
തീപിടിത്തത്തിൽ മരിച്ചവരിൽ ഏറെ പേരും ഇന്ത്യക്കാർ, ഇതിൽ ഭൂരിപക്ഷവും മലയാളികൾ ആയിരുന്നുവെന്നത് കേരളത്തെ കൂടുതൽ ഞെട്ടിച്ചു.
പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിൻ്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്. ആറു നില കെട്ടിടത്തിലെ താഴെ നിലയിൽ നിന്നുണ്ടായ തീപിടിത്തം പടരുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടർന്ന് 20ഓളം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നുവെന്നറിയാതെ ജോലി കഴിഞ്ഞെത്തിയ തൊഴിലാളികൾ ഉറക്കത്തിലായിരുന്ന സമയത്താണ് വൻ ദുരന്തമുണ്ടായത്.
തീപിടുത്തത്തിൽ നഷ്ടപ്പെട്ട ഉറ്റവരുടെ വേർപാടിൽ ഹൃദയം നുറുങ്ങി കഴിയുകയാണ് ബന്ധുക്കൾ. അടുത്ത മാസം അവധിക്കു വരാനിരിക്കെയാണു പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു തീഗോളത്തിൽ കത്തിയമർന്നത്. ഇരുമാരിയേൽ സാബു ഫിലിപ്പ്, ഷേർളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിൻ. കുവൈത്തിൽ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ ഫെബിനും ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസം. പാമ്പാടി വിശ്വഭാരതി കോളജിനു സമീപത്താണ് സ്റ്റെഫിന്റെ കുടുംബം താമസിക്കുന്നത്. കെവിൻ മറ്റൊരു സഹോദരനാണ്.
ഓണത്തിനു നാട്ടിലെത്താനിരിക്കെയാണു മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് എസ്.നായർ (31) തീപിടിത്തത്തിൽ മരിച്ചത്. 8 വർഷത്തോളമായി എൻബിടിസി കമ്പനിയിലെ സ്റ്റോർ ഇൻ ചാർജായിരുന്നു. ഒരു വർഷം മുൻപു നാട്ടിൽ വന്നിരുന്നു. ഇത്തവണ ഓണത്തിന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കൊല്ലം വെളിച്ചിക്കാല വടകോട്ട് ലൂക്കോസ് മകൾ ലിഡിയയുടെ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കായി അടുത്തമാസം നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു. 18 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ലൂക്കോസ് എൻബിടിസി കമ്പനിയിലെ മെക്കാനിക്കൽ സൂപ്പർവൈസറാണ്.
ഷെമീറിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണു ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ 5 വർഷമായി കുവൈത്തിൽ എൻടിബിസി കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷെമീർ.