തിരുവനന്തപുരത്ത് നാവിക സേനയ്ക്ക് ഉപകേന്ദ്രമൊരുങ്ങുന്നു

മുട്ടത്തറയില്‍ എയര്‍ ഫോഴ്‌സ്, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവയ്ക്ക് പുറമേയാണ് നാവികസേനയുടെ ഉപകേന്ദ്രം വരുന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.

കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡിന്റെ കീഴിലാണ് മുട്ടത്തറയിലെ നാവികകേന്ദ്രം പ്രവര്‍ത്തിക്കുക. കന്യാകുമാരിയില്‍ കൊല്ലം വരെയുള്ള കടല്‍സുരക്ഷയുടെ ചുമതല ഈ ഉപകേന്ദ്രത്തിനായിരിക്കും. 35 കോടി രൂപ ചെലവില്‍ മിലിറ്ററി എന്‍ജിനീയറിംഗ് സര്‍വീസാണ് നാവികസേനയുടെ കേന്ദ്രം നിര്‍മിക്കുക. മുട്ടത്തറയില്‍ സേനയുടെ ഉപകേന്ദ്രത്തിന് സ്റ്റേഷന്‍ മുതല്‍ കമാന്‍ഡര്‍ക്കായിരിക്കും ചുമതല.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ തൊട്ടുപിന്നിലായി മുട്ടത്തറ പൊന്നറ പാലത്തിന് സമീപം മുതല്‍ വലിയതുറ സെയ്ന്റ് സേവിയേഴ്‌സ് ലെയ്ന്‍ വരെയുള്ള 4.01 ഏക്കര്‍ സ്ഥലം 16 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രതിരോധ വിഭാഗത്തിന്റെ എസ്റ്റേറ്റ് വിഭാഗം നാവികസേനയ്ക്കായി വാങ്ങിയത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വി.എസ്.എസ്.സി തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ സാന്നിധ്യം കൂടി കണക്കിലെടുത്താണ് തലസ്ഥാനത്ത് നാവികസേനാ കേന്ദ്രം സ്ഥാപിക്കുന്നത്.


RELATED STORIES