കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ചു

കണ്ണൂര്‍: തലശേരി കുടക്കളത്ത് ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ടു. കുടക്കളം സ്വദേശി വേലായുധന്‍ (80) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം.

പറമ്പില്‍ നിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ പറമ്പിലുള്ള ആള്‍ താമസമില്ലാത്ത വീടിന്റെ വരാന്തയ്ക്ക് സമീപത്തുവെച്ചാണ് കളഞ്ഞുകിട്ടിയ വസ്തു വയോധികന്‍ തുറന്നത്.

സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. ആറ് മാസം മുന്‍പ് പാനൂരിലുണ്ടായ സമാന സംഭവത്തില്‍ ആക്രി ശേഖരിക്കുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വഴിയരികില്‍ നിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

RELATED STORIES