വിശ്വാസം തകർന്നടിഞ്ഞ നീറ്റ് പരീക്ഷയിൽ ആസൂത്രിതമായ വൻ തട്ടിപ്പ്
Reporter: News Desk 19-Jun-20241,049
മെഡിക്കൽ പ്രവേശനത്തിനായി നടത്തുന്ന ദേശീയ യോഗ്യതാപ്രവേശന പരീക്ഷ (നീറ്റ് യുജിസി). ഇന്നത് ആസൂത്രിതമായ വൻ തട്ടിപ്പിന്റെ പേരായി മാറിയിരിക്കുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്കും (എൻടിഎ) സുപ്രീംകോടതി നോട്ടീസ് അയക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു. ഇതിന്റെ നടത്തിപ്പിൽ 0.001 % പിഴവ് സംഭവിച്ചാൽപ്പോലും അതിനെ അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടേതാണെന്നാണ് സുപ്രീംകോടതി പറഞ്ഞുവച്ചത്.
രാജ്യത്തെ പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഭാവി വെച്ചു പന്താടുന്ന സമീപനമാണ് അധികാരികൾ തുടരുന്നതു തന്നെ. തട്ടിപ്പ് നടത്തി ഡോക്ടറാകുന്നവർ സമൂഹത്തിന് എത്രത്തോളം അപകടകാരിയാകുമെന്ന് ചിന്തിക്കണമെന്നുകൂടി ബെഞ്ചിന് ഓർമ്മപ്പെടത്തേണ്ടതായും വന്നു.
ഇതിനിടെ ബിഹാറിൽ അറസ്റ്റിലായ വിദ്യാർത്ഥികൾ അന്വേഷണ സംഘത്തിനുമുന്നിൽ കുറ്റസമ്മതം നടത്തുക കൂടി ചെയ്തതോടെ സർക്കാരിനും പരീക്ഷാബോർഡിനും നിക്കക്കള്ളിയില്ലാതായി. ചോദ്യപേപ്പർ പരീക്ഷയുടെ തലേന്ന് കിട്ടിയെന്നും അതിനായി ലക്ഷങ്ങൾ നൽകിയെന്നും അറസ്റ്റിലായ വിദ്യാർത്ഥികൾ സമ്മതിച്ചതായി അന്വേഷണ സംഘം പറയുമ്പോൾ കാര്യങ്ങൾ എവിടംവരെ എത്തിയെന്ന് മനസിലാക്കാവുന്നതാണ്.
നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥിരീകരിക്കുന്നതുവരെ, പരീക്ഷയെക്കുറിച്ച് രാജ്യത്തെമ്പാടുമായി ഇത്രയേറെ ഒച്ചപ്പാടുണ്ടായിട്ടും സർക്കാർ തുടർന്ന മൗനം ഏതെങ്കിലും തരത്തിൽ നീതീകരിക്കാൻ കഴിയുന്നതാണോ..?
ദേശീയതലത്തിൽ തന്നെ പ്രവേശന പരീക്ഷ എന്നതിനോട് തമിഴ്‌നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ശക്തമായ എതിർപ്പ് ഉന്നയിച്ചിരിക്കുന്ന കാലത്താണ് പരീക്ഷയുടെ വിശ്വാസ്യതയെ കുറിച്ച് തന്നെ ശക്തമായ സംശയങ്ങൾ ഉയരുന്നത്.വിദ്യാർത്ഥികളുടെ ലക്ഷ്യബോധവും മനോവീര്യവും തകർക്കുന്ന ഇത്തരം ഹീന പ്രവർത്തികൾ എത്രകാലമായി തുടങ്ങിയിട്ട് എത്രകാലമായി എന്നൊന്നും അറിയില്ല. ഇതിങ്ങനെ ആവർത്തിച്ചുകൊണ്ടിരുന്നാൽ സാധാരണക്കാർക്ക് എന്തു ചെയ്യാൻ പറ്റും.
ഇനിയൊരിക്കലും ഇത്തരം സാഹചര്യങ്ങൾ ഒരു കാരണവശാലും ഉണ്ടാകാൻ ഇടയാകാത്ത വിധം നിയമം പരിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു. ഇത്തവണ പരീക്ഷ എഴുതിയ കുട്ടികളിൽ ചിലർ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകിതോടെയാണ് ഈ വൻ തട്ടിപ്പിന്റെ ചുരളഴിയാൻ തുടങ്ങിയത്. ഇതിൽ ആറ് പേർ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്.
67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാൽ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നുമായിരുന്നു ആവശ്യം.അതേസമയം, ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ ഇത്രയും കാലം ശക്തമായി എതിർത്തുകൊണ്ടിരിക്കുകയായിരുന്നു എൻടിഎ ചെയർമാൻ സബോധ് കുമാർ സിംഗ്. എൻടിഎ സുതാര്യമായ ഏജൻസിയാണ്. ഈ വർഷം ചില പരാതികൾ ഉയർന്നു. 15 മിനിറ്റ് വൈകി പരീക്ഷയ്‌ക്കെത്തിയ 44 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതോടെ മുഴുവൻ മാർക്ക് കിട്ടി. ആറ് സെന്ററുകളിലാണ് സമയക്രമത്തിന്റെ പരാതി ഉയർന്നത്.
അവിടുത്തെ വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകിയതെന്ന് ഒരു ഉളുപ്പുമില്ലാതെ എൻടിഎ ചെയർമാൻ വാർത്താസമ്മേളനം വിളിച്ചാണ് പറഞ്ഞത്. അതോടെ പ്രശ്‌നം കൂടുതൽ രൂക്ഷമാകുകയാണുണ്ടായത്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ പരമാവധി എഴുതിയെടുക്കാൻ കഴിയുന്ന മാർക്കോടെ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് എല്ലാവരേയും അമ്പരപ്പിച്ചത്. നീറ്റുപരീക്ഷയുടെ ചോദ്യപേപ്പറിന് ഏതാണ്ട് 30 ലക്ഷത്തോളം രൂപവരെ വിദ്യാർത്ഥികൾ നൽകിയെന്നാണ് അറിയാൻ കഴിഞ്ഞത്. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടത്താൻ എത്തിയ ബീഹാർ എക്കണോമിക് യൂണിറ്റ് ആറ് ചെക്കുകൾ കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെ പലരെയും കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
ഗുജറാത്തിലെ ഗോദ്രയിൽ പരീക്ഷ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആസൂത്രിതമായ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വളഞ്ഞ വഴിയിലൂടെ എങ്ങനെയും പണം തട്ടാനുള്ള വിദ്യയായി നീറ്റ് പരീക്ഷയെ ഉപയോഗപ്പെടുത്തിയവർ ഒന്നോർക്കണം, ശരിയായ രീതിയിൽ കഷ്ടപ്പെട്ട് പഠിച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും അവരുടെ അധ്യാപകരേയും രക്ഷിതാക്കളെയും വഞ്ചിക്കുകയായിരുന്നില്ലേ നിങ്ങൾ ചെയ്തത്. അനേകം രാത്രികളിൽ ഊണുമുറക്കവും ഉപേക്ഷിച്ചാണ് അവരൊക്കെ പരീക്ഷ എഴുതിയത്. അവരെയൊക്കെ എത്ര ക്രൂരമായ ആണ് നിങ്ങൾ പരിഹസിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെയും മൂല്യനിർണയ രീതിയിലെയും പ്രധാനപ്പെട്ട ചില പോരായ്മകൾ ഈ സംഭവത്തിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നു.
നീറ്റ് പരീക്ഷാഫലം പുറത്തുവന്നശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇതുവരെ കേന്ദ്രസർക്കാർ ഒട്ടകപ്പക്ഷി കണക്കെ തല മണലിൽ പൂർത്തി ഇരിക്കുകയായിരുന്നില്ലേ..? ഇവിടെ പണമുള്ളവർക്കായി മെഡിക്കൽ വിദ്യാഭ്യാസം വിശാലമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നു. ഇതിനൊക്കെ തടയിടാൻ മുന്നിൽ നിൽക്കേണ്ട സർക്കാർ തന്നെ അത് ഇക്കണ്ട കാലമത്രയും കണ്ടില്ലെന്ന് നടിച്ചത് കൊടിയ പാതകം തന്നെയാണ്.
പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നതിനുള്ള ഒരേയൊരു വഴി കഠിനമായ പഠനം തന്നെയാണെന്ന് ഇനിയെങ്കിലും ഒരു വിഭാഗം പണമുള്ള രക്ഷിതാക്കളും വിദ്യാർത്ഥികളും മനസ്സിലാക്കിയാൽ നന്ന്. ഇവിടെ നമുക്ക് ആശ്രയിക്കാവുന്ന ഏക കേന്ദ്രം കോടതിയായി മാറിയിരിക്കുന്നു എന്നുകൂടി മനസ്സിലാക്കിയാൽ നല്ലത്.