മാവേലിക്കരയിൽ ബാറിനു സമീപം യുവാവിനെ മരിച്ചനിലയില്‍
Reporter: News Desk 20-Jun-20241,073
ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ (രാജേഷ് ഭവനം) രാജേഷിനെ (47) കഴിഞ്ഞ 18 നു രാവിലെയാണ് മിച്ചല്‍ ജങ്ഷനു വടക്കുഭാഗത്തെ ബാറിനു സമീപം ബാങ്കിനു മുന്നില്‍ മരിച്ചനിലയില്‍ കണ്ടത്.
സംഭവത്തില്‍ ഇയാളുടെ വനിതാ സുഹൃത്ത് പത്തനംതിട്ട കുന്നന്താനം സ്വദേശിനി സ്മിത കെ. രാജാ (37) ണ് അറസ്റ്റിലായത്. കാരാഴ്മ ചെറുകോല്‍ മനാതിയില്‍ വീട്ടില്‍ ബിജു (42), പത്തനംതിട്ട ഇലവുംതിട്ട സ്വദേശി സജീവന്‍ (സനു 38) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. യുവതിയുടെ നിര്‍ദേശപ്രകാരമാണ് ബിജുവും സനുവും രാജേഷിനെ മര്‍ദിച്ചതെന്നു വ്യക്തമായതായി പോലീസ് പറഞ്ഞു.
മാവേലിക്കരയിലെ ബാറില്‍ ഇവര്‍ മദ്യപിച്ചതിന്റെ ബില്ല് ഗുഗിള്‍പേ വഴി സ്മിത അടച്ചിരുന്നു. അതാണ് കേസില്‍ സ്മിതയുടെ പങ്കാളിത്തം വ്യക്തമാകാന്‍ കാരണമായത്. യുവാക്കളുടെ മൊബൈലിലെ ശബ്ദസന്ദേശങ്ങളില്‍, രാജേഷിനെ അടിക്കെടാ എന്ന് യുവതി ആക്രോശിക്കുന്ന ശബ്ദമുള്ളതായി സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാജേഷും സുനുവും ബിജുവും മറ്റൊരാളും 17നു രാവിലെ മുതല്‍ പല സ്ഥലങ്ങളിലായി മദ്യപിച്ചുവരികയായിരുന്നു. അതിനിടെയാണ് മാവേലിക്കരയില്‍ മദ്യപിക്കാനെത്തിയത്.
മദ്യപിച്ചു പ്രശ്‌നം സൃഷ്ടിച്ച രാജേഷിനെ ബാറില്‍നിന്നു ജീവനക്കാര്‍ പുറത്താക്കിയിരുന്നതായി പോലീസ് പറഞ്ഞു. പുറത്താക്കിയതിനെത്തുടര്‍ന്ന് ഇയാള്‍ ബാറിന് എതിര്‍വശമുള്ള യൂണിയന്‍ ബാങ്കിന്റെ വരാന്തയില്‍ വന്നിരുന്നു. വീണ്ടും ഇയാള്‍ ബാറില്‍ കയറി മദ്യപിച്ചു. തിരിച്ച് വീണ്ടും ബാങ്കിന്റെ വരാന്തയില്‍ വന്നിരുന്നു. രാത്രി 12.15നു വടക്കുനിന്നു ബൈക്കിലെത്തിയ സനുവും ബിജുവും രാജേഷുമായി തര്‍ക്കിച്ചു. അതിനുശേഷം രാജേഷിനെ മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തിന്റെ ആഘാതത്തില്‍ രാജേഷ് തലയിടിച്ചു തറയില്‍ വീണു. മടങ്ങിപ്പോയ ഇവര്‍ പുലര്‍ച്ചെ ഒന്നരയോടെ തിരിച്ചെത്തി വീണുകിടന്ന രാജേഷിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയശേഷം മടങ്ങി.
രാജേഷ് ചങ്ങനാശേരിയില്‍ വിവാഹ ബ്യൂറോ നടത്തിയിരുന്നു. അവിടത്തെ ജീവനക്കാരിയായിരുന്നു സ്മിത. ഇപ്പോള്‍ ഈ സ്ഥാപനം സ്മിതയാണ് നടത്തുന്നത്. അവിടെ ജീവനക്കാരനായി തുടരുകയായിരുന്നു രാജേഷ്. അടുത്തിടെ ചില ജീവനക്കാരെ സ്മിത സ്ഥാപനത്തില്‍ നിയമിച്ചിരുന്നു. ഇതേച്ചൊല്ലി തര്‍ക്കമുണ്ടാകുകയും സ്മിതയെ രാജേഷ് മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമായിരിക്കാം സുഹൃത്തുക്കളെകൊണ്ട് രാജേഷിനുനേരേ ആക്രമണം നടത്താന്‍ കാരണമെന്നു പോലീസ് പറയുന്നു.