വന്ദേഭാരത് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി

ജൂണ്‍ 18ന് ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ദമ്പതികള്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ദമ്പതികളുടെ അനന്തിരവനായ വിദിത് വര്‍ഷ്‌നി എന്ന യുവാവ് ഇക്കാര്യം എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഭക്ഷണത്തില്‍ പാറ്റ കിടക്കുന്ന ചിത്രം അടക്കം പങ്ക് വെച്ച് കൊണ്ടായിരുന്നു വിദിത് വര്‍ഷ്‌നിയുടെ ട്വീറ്റ്. ഭക്ഷണം വിതരണം ചെയ്ത ആള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് വിദിത് വര്‍ഷ്‌നി ആവശ്യപ്പെട്ടു. '18-06-24 ന് എന്റെ അമ്മാവനും അമ്മായിയും ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്ക് വന്ദേ ഭാരതില്‍ യാത്ര ചെയ്യുകയായിരുന്നു. അവര്‍ക്ക് ഐ ആര്‍ സി ടി സിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ ലഭിച്ചു,' വിദിത് വര്‍ഷ്‌നി ട്വീറ്റ് ചെയ്തു.

വെണ്ടര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണം എന്നും ഇത് ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം എന്ന് വിദിത് വര്‍ഷ്‌നി കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ പിഴ ചുമത്തുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തതായി ഐ ആര്‍ സി ടി സി പ്രതികരിച്ചു. 'സര്‍, നിങ്ങള്‍ക്ക് ഉണ്ടായ യാത്രാ അനുഭവത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. വിഷയം ഗൗരവമായി കാണുകയും ബന്ധപ്പെട്ട സേവന ദാതാവില്‍ നിന്ന് ഉചിതമായ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്,' ഐ ആര്‍ സി ടി സി പറഞ്ഞു.

അതേസമയം വന്ദേഭാരതില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തുന്നത് ഇതാദ്യമല്ല. ഫെബ്രുവരിയില്‍, കമലപതിയില്‍ നിന്ന് ജബല്‍പൂര്‍ ജംഗ്ഷനിലേക്ക് യാത്ര ചെയ്യവേ, ഐആര്‍സിടിസി വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റയെ കണ്ടെത്തിയിരുന്നു. അന്ന് യാത്രക്കാരനായ ഡോ.ശുഭേന്ദു കേസരി എന്നയാള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഭോപ്പാല്‍-ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസിലെ ഒരു യാത്രക്കാരന്റ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വേ ഭക്ഷണ വ്യാപാരിക്ക് 25,000 രൂപ പിഴ ചുമത്തിയിരുന്നു.


RELATED STORIES