പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന്  തുടങ്ങും

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്ന്  പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. 3,22,147 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചു. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്ച പൂര്‍ത്തിയായി. മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്ററി അലോട്മെന്റ് നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലായ് രണ്ടിന് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കാത്തവര്‍ സ്‌കൂളുകളില്‍ മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച്‌ അപേക്ഷ പുതുക്കണം. പുതുക്കാത്തവരെയും അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തവരെയും തുടര്‍ന്നുള്ള അലോട്മെന്റുകളില്‍ പരിഗണിക്കില്ല. പുതിയ അപേക്ഷ നല്‍കാനും സപ്ലിമെന്ററി ഘട്ടത്തില്‍ അവസരമുണ്ട്.

ഭിന്നശേഷിക്കാര്‍ക്ക് അധികമായി അനുവദിച്ച സീറ്റുകള്‍ ഉള്‍പ്പെടെ ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റുകള്‍ 3,09,142 ആണ്. മുഖ്യ അലോട്മെന്റില്‍ ഇതില്‍ 3,05,554 സീറ്റുകളാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍, 37,634 കുട്ടികള്‍ അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേര്‍ന്നില്ല. ഈ സീറ്റുകളും മുഖ്യഘട്ടത്തില്‍ മിച്ചമുണ്ടായിരുന്ന 3,588 സീറ്റുകളും ഉള്‍പ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്മെന്റ്. ഏകജാലകംവഴി മെറിറ്റില്‍ ഇതുവരെ 2,67,920 കുട്ടികളാണ് സ്‌കൂളില്‍ ചേര്‍ന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളില്‍ പ്രവേശനം നേടിയവര്‍: സ്പോര്‍ട്സ് ക്വാട്ട- 4,333, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (എം.ആര്‍.എസ്.) 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്മെന്റ് ക്വാട്ട- 19,192, അണ്‍എയ്ഡഡ്- 10,583. ആകെ- 3,22,147.

RELATED STORIES