മഴ ശക്തമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു : ഇല്ലിക്കൽ കല്ല് , ഇലവീഴാപൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം നിയന്ത്രണം

ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടർ വി വിഗ്‌നേശ്വരിയാണ് ഉത്തരവിറക്കിയത്.

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലുമാണ് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ കോട്ടയം ജില്ലയിയിൽ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം വന്നു. ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


RELATED STORIES