സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ഇന്ന് തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ

ജൂൺ മാസത്തെ പെൻഷനാണ് അനുവദിച്ചത്. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. അഞ്ച് മാസത്തെ കുടിശ്ശികയാണ് ഇനി നൽകാനുള്ളത്.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിലും പെൻഷൻ നൽകിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് തുടങ്ങിയിട്ടുണ്ട്. 2023 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓഗസ്റ്റ് 24 വരെയുള്ള വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ധനവകുപ്പ് ഉത്തരവിട്ടു.

അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക്‌ നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക്‌ ഭാവിയിൽ പെൻഷൻ ലഭിക്കില്ല. ആധാർ കാർഡും പെൻഷൻ രേഖകളുമായി അക്ഷയകേന്ദ്രങ്ങളിലെത്തിയാൽ മസ്റ്ററിങ് നടത്താം. മസ്റ്ററിങ് പൂർത്തിയാക്കാനാകാത്തപക്ഷം മസ്റ്റർ ഫെയിൽഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും സഹിതം ക്ഷേമനിധി ബോർഡിന്റെ ബന്ധപ്പെട്ട ഓഫീസിൽ ഹാജരാകണം.


RELATED STORIES