10 വര്‍ഷത്തിനിടെ വീട്ടിലേക്ക് ഇടിച്ചുകയറിയത് നിരവധി വാഹനങ്ങള്‍
Reporter: News Desk 28-Jun-20241,036
കഴിഞ്ഞ ദിവസം കിടങ്ങൂര്‍-മണര്‍കാട് റോഡില്‍ കല്ലിട്ടുനട കുരിശുപള്ളിയ്ക്ക് സമീപം സ്വകാര്യബസ് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് ഈ ഗൃഹനാഥന്‍.
ഓട്ടോറിക്ഷാ ഡ്രൈവറായ ജോമോന്റെ കൊച്ചുവീട്ടിലേക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10 വാഹനങ്ങളാണ് ഇടിച്ചു കയറിയത്.
7 വര്‍ഷം മുന്‍പ് ടൂറിസ്റ്റ് ബസ് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ വീടിന്റെ മുന്‍വശവും മുറ്റത്തുണ്ടായിരുന്ന ജോമോന്റെ ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷയും തകര്‍ന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ സ്വകാര്യബസ് ഇടിച്ചതാണ് ഒടുവിലത്തെ അപകടം.ജോമോന്റെ വയോധികയായ അമ്മയും ഭാര്യ ഓമനയും സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു.
മുറ്റത്തുണ്ടായിരുന്ന ചെറിയ പ്‌ളാവില്‍ ബസ് ഇടിച്ചു നിന്നതാനാല്‍ തലനാരിഴയ്ക്കാണ് കുടുംബം രക്ഷപെട്ടത്.കിണറിന്റെ തൂണുകളും അപകടത്തില്‍ തകര്‍ന്നു.കല്ലിട്ടുനട കുരിശുപള്ളിക്ക് സമീപമുള്ള വളവിലാണ് പോളയ്ക്കല്‍ വീട്. ഈ ഭാഗത്ത് റോഡിന് വീതിയും കുറവാണ്.കാട്ടുപള്ളകള്‍ റോഡിലേക്ക് പടര്‍ന്നു നില്‍ക്കുന്നതിനാല്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് ഇവിടെ കാഴ്ചയും മറയുകയാണ്.എതിര്‍വശത്ത് റോഡിന് വീതികൂട്ടാന്‍ കുറ്റിയടിച്ചെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല.
റോഡിന് വീതി കൂട്ടിയില്ലെങ്കിലും തങ്ങളുടെ വീടിനോട് ചേര്‍ന്ന ഭാഗത്ത് ക്രാഷ്ബാരിയറെങ്കിലും അടിയന്തിരമായി സ്ഥാപിക്കണമെന്നാണ് ജോമോന്റെയും കുടുംബത്തിന്റേയും അപേക്ഷ.അതിന് പക്ഷേ അധികൃതര്‍ കനിയണം.
കിടങ്ങൂര്‍-മണര്‍കാട് റോഡില്‍ പലഭാഗത്തും വേണ്ടത്ര വീതിയില്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഈ റോഡില്‍ പലഭാഗത്തും പുറമ്പോക്കുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് വീണ്ടെടുത്ത് റോഡിന് വീതികൂട്ടാന്‍ നടപടിയില്ല.