വില കൂടിയ മരുന്നുകൾ കമ്പനി വിലയ്ക്ക് രോഗികൾക്ക് നൽകാന്‍ ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ കേരള സർക്കാർ ഇതിലൂടെ നിർണായക ഇടപെടലാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 800 ഓളം വിവിധ മരുന്നുകൾ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകും. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകും.

വളരെ വിലപിടിപ്പുള്ള മരുന്നുകൾ തുച്ഛമായ വിലയിൽ ലഭ്യമാക്കും. സംസ്ഥാന സർക്കാരിന്റെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെഎംഎസ്‌സിഎൽ) കാരുണ്യ ഫാർമസികൾ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാർമസികളിൽ ‘ലാഭ രഹിത കൗണ്ടറുകൾ’ ആരംഭിക്കും. ജൂലൈ മാസത്തിൽ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000 ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുമുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്.

എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാർമസികൾ വഴിയായിരിക്കും ലാഭരഹിത കൗണ്ടറുകൾ ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിക്കും. കാൻസർ ചികിത്സാ, പ്രതിരോധ രംഗത്ത് സർക്കാർ വലിയ ഇടപെടലുകളാണ് നടത്തി വരുന്നത്. കാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതോടു കൂടി നൂതന കാൻസർ ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാർക്ക് പോലും പ്രാപ്യമാകും.

RELATED STORIES