മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് മഹാരാഷ്‌ട്രയിലെ എൻഡിഎ സർക്കാർ

മഹാരാഷ്‌ട്രയിലെ എൻഡിഎ സർക്കാർ മുംബൈ മേഖലയിൽ ഡീസലിന് 2 രൂപയും പെട്രോളിന് 65 പൈസയും കുറച്ചു. സിഎം അന്ന ചത്ര യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ വീതം സൗജ്യമായി വിതരണം ചെയ്യുമെന്നും ഉപ മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.

പെട്രോള്‍, ഡീസല്‍ നികുതിയില്‍ കുറവുവരുത്തിക്കൊണ്ട് 2024-25 ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. ഡീസലിന്റെ നികുതി 24 ശതമാനത്തില്‍നിന്ന് 21 ശതമാനമായും പെട്രോളിന്റേത് 26-ല്‍നിന്ന് 25 ശതമാനമായുമാണ് കുറച്ചത്.

പരുത്തി, സോയാബീന്‍ വിളകള്‍ക്ക് ഹെക്ടറിന് 5,000 രൂപവീതം ബോണസും നല്‍കും. 2024 ജൂലൈ ഒന്നിന് ശേഷം ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് അഞ്ച് രൂപ ബോണസ് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ആക്രമണം മൂലം മരിച്ചാല്‍ അടുത്ത ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ നല്‍കുമെന്നും പവാര്‍ പറഞ്ഞു.

സ്ത്രീകൾക്ക് 1500 രൂപ മാസം സാമ്പത്തിക സഹായം നൽകുമെന്നും അഞ്ചംഗ കുടുംബത്തിന് വർഷം മൂന്ന് സിലിണ്ടർ സൗജന്യമായി നൽകുമെന്നും ധനമന്ത്രി അജിത് പവാർ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചു. സ്ത്രീകൾക്കായി പതിനായിരം പിങ്ക് റിക്ഷകൾ സർക്കാർ വിതരണം ചെയ്യും.

കർഷകരുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളും, വിളനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി. പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം അടക്കം നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.


RELATED STORIES