ആള്‍ ദൈവം ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു
Reporter: News Desk 03-Jul-2024982
122 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും.
ഹാത്രാസ് ജില്ലയിലെ രതിഭാൻപൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ചടങ്ങ് അവസാനിച്ചതിന് പിന്നാലെ മടങ്ങിപ്പോകുന്നതിനായി ആളുകള്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് കാരണം. ആൾദൈവം ഭോലെ ബാബ നടത്തിയ പ്രാർത്ഥനാ യോഗത്തിനിടെയാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.
പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും.
അതേസമയം, മരണ സംഖ്യ ഉയരാന്‍ കാരണം ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം. ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലാത്തതും ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ കുറവും പലപ്പോഴും നാട്ടുകാരും അധികൃതരും തമ്മില്‍ തര്‍ക്കത്തിലേക്ക് നയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹാത്രസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാര്‍ത്ഥന പരിപാടി നടന്നത്.
സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണം ആരംഭിച്ചു. റോഡിൻറെ മറുവശത്തായിരുന്നു പ്രാർഥനാ ചടങ്ങ് നടന്നത്. ഇതിന് ശേഷം ഭോലെ ബാബ തിരിച്ചുപോകുന്നതിനായി റോഡിലേക്ക് എത്തി. അദ്ദേഹത്തെ പിന്തുടർന്നെത്തിയ ജനങ്ങളാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭോലെ ബാബയുടെ സെക്യൂരിറ്റികൾ ജനങ്ങളെ തള്ളിമാറ്റാൻ ശ്രമിച്ചതാണ് അപകടത്തിന്റെ തോത് വർധിച്ചത്.