മതംമാറ്റം നിർത്തിയില്ലെങ്കിൽ ഭൂരിപക്ഷം  ന്യൂനപക്ഷമാകുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം

പ്രയാഗ്രാജ് (യൂ. പി ): സുവിശേഷയോഗകളിൽ നടക്കുന്ന മതപരിവർത്തനങ്ങൾ തുടരാൻ അനുവദിക്കുകയാണെങ്കിൽ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനത ഒരിക്കൽ ന്യൂനപക്ഷമാവുമെന്ന നിരീക്ഷണം നടത്തി അലഹബാദ് ഹൈക്കോടതി. സ്വന്തം ഗ്രാമത്തിലെ ആളുകളെ പങ്കെടുപ്പിച്ച് ഡൽഹിയിൽ നടത്തിയ സാമൂഹിക ഐക്യദാർഢ്യ ചടങ്ങിൽ ക്രിസ്‌തുമത പരിവർത്തനം നടത്തിയെന്ന് ആരോപിച്ച് യു.പി. പോലീസ് കേസെടുത്ത കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ ഈ നിരീക്ഷണം നടത്തിയത്. 2021-ലെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കൈലാഷിനെതിരേ പോലീസ് കേസെടുത്തത്.

ഈ പ്രക്രിയ തുടരാൻ അനുവദിച്ചാൽ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനത ഒരു ദിനം ന്യൂനപക്ഷമാവുമെന്നും അത്തരം മതപരിവർത്തന ലക്ഷ്യം വെച്ചുള്ള മതസമ്മേളനങ്ങൾ അടിയന്തിരമായി നിർത്തിവെക്കണമെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ 25-ാ ം അനുച്ഛേദത്തെ ലംഘിക്കുന്നതാണീ പ്രവൃത്തിയെന്നു കോടതി ചൂണ്ടിക്കാട്ടി. 25-ാ ം അനുഛേദം മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല നൽകുന്നത്. പകരം മതം പ്രചരിപ്പിക്കാനും സ്വന്തം മനസ്സാക്ഷിയിൽ വിശ്വസിക്കാനും സ്വതന്ത്രമായി തൊഴിൽ ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ് നൽകുന്നതെന്നും കോടതി നിരീക്ഷിച്ചു.

ഉത്തർപ്രദേശ് സംസ്ഥാനത്തുടനീളം എസ്സി/എസ്ടി വിഭാഗങ്ങളിൽ നിന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് വിഭാഗങ്ങളിൽ നിന്നും ആളുകളെ ക്രിസ്തു‌ മതത്തിലേക്ക് നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്യുന്നതായുള്ള നിരവധി കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. രാംകാളി പ്രജാപതി എന്നയാളാണ് കൈലാഷിനെതിരെ പരാതി നൽകിയത്. ചികിത്സക്കായി തൻ്റെ മാനസിക രോഗിയായ സഹോദരനെ ഒരാഴ്‌ചത്തേക്ക് കൈലാഷ് ഡൽഹിയിലേക്ക് കൊണ്ടുപോയെന്നും തിരിച്ചു വന്ന കൈലാഷ് ഗ്രാമത്തിലെ ജനങ്ങളെയാകെ മതപരിവർത്തനം നടത്തിയെന്നുമാണ് പരാതി. മതപരിവർത്തനത്തിനു പകരമായി പ്രജാപതിയുടെ സഹോദരന് പണം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും എഫ്.ഐ.ആറിലുണ്ട്. ഇതെല്ലാം പരിഗണിച്ച് പ്രതിക്ക് ജാമ്യം നൽകാൻ കോടതി വിസമ്മതിച്ചു.

RELATED STORIES