സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കോഴ വിവാദത്തില്‍പ്പെട്ട് സിപിഎം

പാര്‍ട്ടിയിലെ യുവ നേതാവിനെതിരെയാണ് കോഴ ആരോപണം. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ കൈപ്പറ്റിയതായാണ് പരാതി. കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് പണം വാങ്ങിയതായി ആരോപണം.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് പരാതിക്കാരന്‍. ഇയാള്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. 60 ലക്ഷം രൂപയ്ക്കാണ് പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്തത്. ഇതില്‍ ആദ്യ തവണയായി 22 ലക്ഷം കൈമാറുകയായിരുന്നു. എന്നാല്‍ സിപിഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പരാതിക്കാരന്റെ പേര് ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് ആയുഷ് വകുപ്പില്‍ ഉന്നത സ്ഥാനം വാഗ്ദാനം ചെയ്ത് പരാതിക്കാരനെ അനുനയിപ്പിക്കുകയായിരുന്നു. എന്നാല്‍ ആയുഷ് വകുപ്പിലും സ്ഥാനം ലഭിക്കാതായതോടെയാണ് പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചത്. സിപിഎം ഏര്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സിപിഎം സംസ്ഥാന നേതൃത്വം നടത്തിയ അന്വേഷണത്തില്‍ പണമിടപാട് നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.


RELATED STORIES