തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ചു

നെയ്യാറ്റിൻകര:  കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു എന്ന യുവാവ് മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിചിട്ടില്ല. അനുവിന്‍റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാൻ കഴിഞ്ഞില്ല.

പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താൻ വേണ്ടി പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്‍റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. കാരുണ്യ ഹോസ്റ്റലിലെ പത്തു പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നു.

ഇവരുടെ സാമ്പിളുകളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ആറു മാസത്തിനിടെ സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2017ലാണ് സംസ്ഥാനത്ത് അവസാന കോളറ മരണം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ചാൽ 75 ശതമാനം ആൾക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. ബാക്കി വരുന്ന 25-30 ശതമാനം ആളുകളിൽ ഛർദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറ രോഗത്തിന്റെ പ്രത്യേകത.

കോളറയുമായി ബന്ധപ്പെട്ട വയറിളക്കം പെട്ടെന്ന് വരികയും പെട്ടെന്ന് അപകടകരമായ ദ്രാവക നഷ്ടത്തിന് കാരണമാകുകയും ചെയ്യും. ഓക്കാനം, ഛർദ്ദി പ്രത്യേകിച്ച് കോളറയുടെ ആദ്യഘട്ടങ്ങളിൽ ഉണ്ടാവുകയും മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ചെയ്യും. കോളറ ലക്ഷണങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിർജ്ജലീകരണം ഉണ്ടാകുന്നു. ശരീരഭാരം 10 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ കുറയുന്നത് കടുത്ത നിർജ്ജലീകരണത്തെയാണ് സൂചിപ്പിക്കുന്നത്.

RELATED STORIES