കര്‍ണാടകയിലും കനത്ത മഴ

ദക്ഷിണ കന്നഡയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, മംഗളുരു ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മംഗളുരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഉത്തര കന്നഡയിൽ കാളി നദിയുടെ ജലനിരപ്പ് ഉയർന്നതിനാൽ കദ്ര റിസർവോയറിന്റെ നാല് ഷട്ടറുകളിൽ നിന്നുമായി 10,600 ക്യുസെക്‌സ് വെള്ളം തിങ്കളാഴ്ച തുറന്നുവിട്ടു. കർണാടകയില്‍ കഴിഞ്ഞ 36 മണിക്കൂറിൽ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും 150 മില്ലീലിറ്ററിലധികം മഴയാണ് ലഭിച്ചത്. സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ ജില്ലകളിലെ പ്രളയ സമാന സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ രാത്രിയിൽ നിർത്താതെ പെയ്ത മഴയിൽ മംഗളുരു നഗരം വെള്ളത്തിലായി. ഉഡുപ്പി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും പല റോഡുകളിലും വെള്ളം കയറി. ബന്നൻജെ, ബെയ്ൽകെരെ, ഗുണ്ടിബെയിൽ, ബഡഗുപേട്ട എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായതോടെ ഇത് ഗതാഗതത്തെ ബാധിച്ചു. ഉത്തരകന്നഡയിലെ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.

RELATED STORIES