മുംബൈയിയിൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശ നഷ്ടം

പടിഞ്ഞാറൻ മഹാരാഷ്‌ട്ര, വിദർഭ എന്നിവിടങ്ങളിൽ തിങ്കളാഴ്‌ച്ച പെയ്ത മഴയിൽ ജനജീവിതം ദുസ്സഹമായി. ശക്തമായ മഴയ്‌ക്ക് പിന്നാലെ അന്ധേരി സബ് വേ അടച്ചു. മുംബൈയിലും നവി മുംബൈയിലും താനെയിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

മുംബൈയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടർന്ന് നിരവധി വാഹനങ്ങൾ ഒഴുകി പോയി. ട്രെയിൻ, വിമാന ഗതാഗതവും താറുമാറായിട്ടുണ്ട്. താനെ, കുർള, ഘാട്‌കോപ്പർ, വസായ്, മഹദ് , ചിപ്ലൂൺ, കോലാപൂർ, സാംഗ്ലി, സത്താറ, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന സംസ്ഥാന ദുരന്ത നിവാരണ സെല്ലിന്റെ അവലോകന യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, അടിയന്തര സാഹചര്യമില്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്നും കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് മണിക്കൂറിലധികം മഴ പെയ്യാതിരുന്നാൽ വെള്ളക്കെട്ടിന് ശമനമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, ദിവസം മുഴുവൻ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമോ അതിശക്തമോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.


RELATED STORIES