മലിനമായ വീട്ടു പരിസരത്ത് കൊതുകു കൂത്താടികള്‍ നിറഞ്ഞതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വീട്ടുടമസ്ഥന്‍ രണ്ടായിരം രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവ്

കേരള പൊതുജനാരോഗ്യനിയമം 2023 പ്രകാരമാണ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതി വിധി പുറപ്പെടുവിച്ചത്. ഈ നിയമപ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയാണിത്.

ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ചപ്പനികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്രവൈസര്‍ കെ പി ജോബി, പുല്ലൂര്‍ കോക്കാട്ട് വീട്ടില്‍ ആന്റുവിന് എതിരെ എടുത്ത കേസിലാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാളുടെ വീട്ടുപരിസരത്ത് ധാരാളമായി കൊതുക് കൂത്താടികളെ കണ്ടെത്തിയ സാഹചര്യത്തിലാണ് കേസ് എടുത്തത്. മെയ് 26 നാണ് കേസ് ഫയല്‍ ചെയ്തതു . തൃശ്ശൂർ ജില്ലയില്‍ സമാനമായ രീതിയില്‍ ഒല്ലൂരും കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും വിധി ആയിട്ടില്ല. പൊതുജനാരോഗ്യ നിയമം 2023 വകുപ്പ് 53 (1) പ്രകാരം പതിനായിരം രൂപ വരെ പിഴ ചുമത്താനുള്ള അധികാരമാണുള്ളത്.

RELATED STORIES