കാട്ടില്‍ കടന്നല്‍ക്കുത്തേറ്റ് മരിച്ചാല്‍ 10 ലക്ഷം നഷ്ടപരിഹാരം
Reporter: News Desk 14-Jul-2024797
കോട്ടയം: കടന്നല്‍, തേനീച്ച എന്നിവയുടെ കുത്തേറ്റ് മരിച്ചാല്‍ അവകാശികള്‍ക്ക് വനംവകുപ്പ് നഷ്ടപരിഹാരം നല്‍കും. വനത്തിനുള്ളില്‍വെച്ചുള്ള ആക്രമണത്തിലാണ് മരണമെങ്കില്‍ 10 ലക്ഷം രൂപയും വനത്തിനുപുറത്തുവെച്ചെങ്കില്‍ രണ്ടുലക്ഷവും ലഭിക്കും.
കഴിഞ്ഞവർഷംവരെ വന്യജീവി ആക്രമണപട്ടികയില്‍ കടന്നല്‍, തേനീച്ച ആക്രമണം ഉള്‍പ്പെടുത്തിയിരുന്നില്ല. വനത്തിനുള്ളില്‍വെച്ച് പാമ്ബുകടിയേറ്റ് മരിച്ചാല്‍ അവകാശികള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ. വനത്തിനു പുറത്തുവെച്ചെങ്കില്‍ രണ്ടുലക്ഷം.
ആന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തില്‍ വനത്തിനുള്ളിലും പുറത്തുംവെച്ച് മരിച്ചാല്‍ അവകാശികള്‍ക്ക് പത്തുലക്ഷം രൂപ.
വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റാല്‍ ചികിത്സാധനസഹായമായി പരമാവധി ഒരു ലക്ഷം രൂപ. പട്ടികവർഗക്കാർക്ക് മുഴുവൻ ചികിത്സച്ചെലവും അനുവദിക്കും.വന്യമൃഗ ആക്രമണത്തില്‍ അംഗവൈകല്യം സംഭവിച്ചാല്‍ രണ്ടുലക്ഷം രൂപവരെ സഹായം. വീടുകള്‍, കുടിലുകള്‍, കൃഷി, കന്നുകാലികള്‍ എന്നിവയ്ക്കുനേരേയുള്ള വന്യജീവി ആക്രമണങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപവരെ.
അപേക്ഷ
വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റാല്‍ ആറുമാസത്തിനുള്ളിലും മരിച്ചാല്‍ ഒരു വർഷത്തിനുള്ളിലും അപേക്ഷിക്കണം. ഇ-ഡിസ്ട്രിക്‌ട് മുഖേന ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർക്കാണ് അപേക്ഷിക്കേണ്ടത്. ഇങ്ങനെ അപേക്ഷിക്കാൻ സാധിച്ചില്ലെങ്കില്‍ അക്ഷയ സെന്റർ വഴിയും അപേക്ഷിക്കാം. ആശുപത്രി ബില്‍, ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം.
മരണമുണ്ടായാല്‍ വനം റെയിഞ്ച് ഓഫീസറുടെ ശുപാർശ ലഭിച്ച് 15 ദിവസത്തിനകം തുടരന്വേഷണം നടത്തണം. വില്ലേജ് ഓഫീസർ നല്‍കുന്ന ബന്ധുത്വം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുമ്ബോള്‍ 50 ശതമാനം തുകയും അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കി ഏഴുദിവസത്തിനകം ബാക്കി തുകയും നല്‍കും.