സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ അതീവ ജാ​ഗ്രതാ നിർദേശം നൽകി ആരോ​ഗ്യ വകുപ്പ്

എല്ലാ മേഖലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 14 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്.

ഡെങ്കിപ്പനി മുതൽ കോളറ വരെ പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം. പ്രതിദിനം പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം 13,000 കടക്കുന്നു. 173 പേർക്കാണ് കഴിഞ്ഞ ദിവസം ഡെങ്കി പനി സ്ഥിരീകരിച്ചത്. 22 പേർക്ക് എലിപ്പനി ബാധിച്ചു. നാലു പേർക്ക് കോളറയും രണ്ടാൾക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് കോളറ ബാധ. കെയർ ഹോമിലെ 11 അന്തേവാസികൾക്ക് കോളറ സ്ഥിരീകരിച്ചു. 17 പേർ കോളറ ലക്ഷണങ്ങളുമായി ചികിത്സയിൽ തുടരുന്നുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിൽ ബോധവൽക്കരണവും നടത്തി. പുതിയ കോളറ ക്ലസ്റ്ററുകൾ രൂപപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്താനാണ് മന്ത്രിയുടെ നിർദേശം. ഈ മാസം 1,39,091 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 25 പേർ വിവിധ പകർച്ച വ്യാധികളെ തുടർന്ന് മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

RELATED STORIES