സ്വകാര്യ സേവനദാതാക്കൾ നിരക്ക് വർധിപ്പിച്ച് 17 ദിവസത്തിനിടെ കേരളത്തിൽ മൊബൈൽ കണക്ഷനിൽ ബിഎസ്എൻഎല്ലിന് 90 ശതമാനം വർധന

കേരളത്തിലാണ് കൂടുതൽ വരിക്കാർ സ്വകാര്യ സേവനദാതാക്കളെ വിട്ട് ബിഎസ്എൻഎല്ലിലെത്തിയത്. ജൂണിൽ 34,637 പേർ പോർട്ട് ചെയ്തു. നിരക്കുവർധന പ്രാബല്യത്തിൽ വന്ന ജൂലൈ ഒന്നുമുതൽ 17 വരെ 35,497 പേർ ബിഎസ്എൻഎല്ലിൽ എത്തി. ജൂൺ 17 വരെയുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 90 ശതമാനം കൂടുതലാണ്. അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താൻ ഡിസംബറിനകം ഒരു ലക്ഷം ടവർ സ്ഥാപിച്ച് ഗ്രാമ–-നഗരങ്ങളിൽ 4 ജി സേവനം എത്തിക്കാൻ ഒരുങ്ങുകയാണ് ബിഎസ്എൻഎൽ. കേരളത്തിൽ മലപ്പുറം ജില്ലയാണ് പോർട്ട് ചെയ്തവരുടെ എണ്ണത്തിൽ മുന്നിൽ–-1756 പേർ. രണ്ടാമത് കോഴിക്കോട്. 932 വരിക്കാർ. ഡിസംബറിനകം ഒരു ലക്ഷം ടവർ സ്ഥാപിക്കുന്നതോടെ ബിഎസ്എൻഎല്ലിന് രാജ്യവ്യാപകമായി കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സൗകര്യം നൽകാനാവും. 4 ജി സേവനങ്ങൾക്കായി സ്ഥാപിക്കുന്ന ശൃംഖല ഉപയോഗിച്ചുതന്നെ 5 ജിയിലേക്ക് മാറാൻ കഴിയുമെന്നതിനാൽ അതിവേഗ ഇന്റർനെറ്റ് സാർവത്രികമാക്കി ബിഎസ്എൻഎൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ സാധ്യത തെളിയുകയാണ്.

ജിയോ, എയർടെൽ, വോഡോഫോൺ ഐഡിയ–- വി എന്നീ സ്വകാര്യകമ്പനികളെയാണ് നിരക്ക് വർധനയെ തുടർന്ന് വരിക്കാർ ഉപേക്ഷിച്ചത്. 25 മുതൽ 30 ശതമാനംവരെയാണ് അവർ ചാർജ് വർധിപ്പിച്ചത്. ഇന്ത്യയിലെ 116.89 കോടി മൊബൈൽ കണക്ഷനുകളിൽ 8.63 കോടി വരിക്കാരാണ് ബിഎസ്എൻഎല്ലിന്. കേരളത്തിൽ ഇത് 87.95 ലക്ഷമാണ്. ബിഎസ്എൻഎൽ 4 ജി, 5 ജി സംവിധാനം ഒരുക്കുന്നതിൽ വരുത്തിയ കാലതാമസമാണ് സ്വകാര്യ കമ്പനികളുടെ ആധിപത്യത്തിന് വഴിയൊരുക്കിയത്. ഇന്റർനെറ്റിന്റെ വേഗക്കുറവും സാങ്കേതിക തകരാറുകളും കാരണം 2023–- 24 സാമ്പത്തിക വർഷം മാത്രം 1.8 കോടി ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിനെ ഉപേക്ഷിച്ചിരുന്നു.

4ജി, 5 ജി സേവനത്തിനുള്ള സോഫ്റ്റ്വെയർ നവീകരണത്തിന് ഇന്ത്യൻ ഉപകരണങ്ങൾ വാങ്ങണമെന്ന നിബന്ധനയാണ് ബിഎസ്എൻഎല്ലിന് അടിയായത്. അതേസമയം സ്വകാര്യ കമ്പനികൾക്ക് വിദേശ ഉപകരണങ്ങൾ വാങ്ങാനും കേന്ദ്രസർക്കാർ അനുമതി നൽകി.

RELATED STORIES