സംസ്ഥാനത്ത് മുദ്രപത്രം കിട്ടാനില്ല : ആകെ ഉള്ളത് 20 രൂപയുടെയും അഞ്ച് രൂപയുടെയും പത്രങ്ങള്‍

സംസ്ഥാനത്ത് മുത്രപത്രം കിട്ടാനില്ല. ഒരു ലക്ഷം രൂപവരെയുള്ള ആധാരം രജിസ്‌ട്രേഷനുള്ള ഇ- സ്റ്റാമ്പിംഗ് പരീക്ഷണം പൂര്‍ത്തിയാവും മുമ്പേ, നാസിക്കിലെ പ്രസില്‍ നിന്ന് മുദ്രപ്പത്രങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിച്ച സര്‍ക്കാര്‍ തീരുമാനമാണ് തിരിച്ചടിയായത്. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ 20 രൂപയുടെയും അഞ്ച് രൂപയുടെയും മുദ്രപത്രങ്ങള്‍ മാത്രമേയുള്ളൂ. മറ്റ് തുകയ്ക്കുള്ളവ തീര്‍ന്നു.

ആധാരം ഒഴികെയുള്ള ഇടപാടുകള്‍ക്ക് ഇ-സ്റ്റാമ്പിംഗ് നടപടി എങ്ങുമെത്തിയിട്ടില്ല. 50, 100 രൂപയുടെ മുദ്രപ്പത്രങ്ങളാണ് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം. ബോണ്ട്, വാടക കരാര്‍, സത്യവാങ്മൂലം എന്നിവയ്ക്കാണ് ഇവ വേണ്ടി വരുന്നത്. വലിയ തുകയുടെ വാടക കരാറിന് 500 രൂപയുടെ പത്രം മതിയാവും. അഞ്ച് രൂപയുടെയും 20 രൂപയുടെയും പത്രങ്ങള്‍ മൂല്യം കൂട്ടി (റീവാലിഡേറ്റ്) പ്രതിസന്ധി പരിഹരിക്കാന്‍ നടത്തിയ ശ്രമം വേണ്ടത്ര ഫലിച്ചില്ല. കാരണം സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ മൂന്ന് ഓഫീസര്‍മാര്‍ മാത്രമാണ് ഇതിനുള്ളത്.

തിരുവനന്തപുരവും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലാ സ്റ്റാമ്പ് ഡിപ്പോകളിലും റീവാലിഡേറ്റ് ചെയ്യാന്‍ അനുമതിയുണ്ട്. സ്റ്റാമ്പ് ഡിപ്പോ ഓഫീസറുടെ മറ്റു ജോലിത്തിരക്കുകള്‍ക്കിടയില്‍ വേണം ഇതും ചെയ്യാന്‍. പൂര്‍ണമായി ഇ-സ്റ്റാമ്പിലേക്ക് മാറുകയാണ് പ്രതിവിധി.

RELATED STORIES