കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍കല്ലും ഇലവീഴാപൂഞ്ചിറയും ഇന്ത്യന്‍ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക് യു.ഡി.എഫ് എംഎല്‍എ മാണി സി.കാപ്പന്‍ നിവേദനം നല്‍കി

ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന വാഗമണ്ണിൽ നിന്ന് യഥാക്രമം 11, 15 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇല്ലിക്കല്‍കല്ലിലും ഇലവീഴാപൂഞ്ചിറയിലും എത്താം.

പാലാ നിയോജകമണ്ഡലത്തിലെ രണ്ട് സ്ഥലങ്ങളും ഹൈറേഞ്ച് ടൂറിസം പദ്ധതിയില്‍ പെടുത്തിയാല്‍ ജില്ലയ്‌ക്ക് വലിയ നേട്ടമാകും. പ്രശസ്തമായ ബാക്ക് വാട്ടര്‍ ടൂറിസം കേന്ദ്രമായ കുമരകം സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് കുളിര്‍മയുള്ള കാലാവസ്ഥയുള്ള ഈ പ്രദേശങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെ താമസസൗകര്യം ഒരുക്കിയാല്‍ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഒപ്പമുണ്ടായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് എം.പിയും കേന്ദ്രമന്ത്രിയെ അറിയിച്ചു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


RELATED STORIES