ഏയ് മനുഷ്യാ...നീ ആരാ?

        ഒരു കുട്ടിയുടെ ജനനസമയത്ത് ആ കുട്ടി കരയുവാന്‍ തുടങ്ങുന്നത് മുതല്‍ കുട്ടിയുടെ ഹൃദയത്തിന്‍റെ വാല്‍വ് തുറക്കുയും മരിക്കുന്നതിന്‍റെ ആ നിമിഷം വരെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടേിരിക്കുകയും ചെയ്യും. മനുഷ്യര്‍ ഇത്ര വിശ്രമിച്ചാലും ഉറങ്ങിയാലും ഹൃദയത്തിന് ഉറക്കമില്ല പ്രവര്‍ത്തനം നിലക്കുന്നുമില്ല. നാം ഒന്ന് ചിന്തിച്ച് നോക്കിയാല്‍ എന്തൊരു പ്രതിഭാസമാണ് അല്ലേ?  വൈദ്യശാസ്ത്രം പഠിപ്പിക്കുന്നു ഒരു മിനിറ്റില്‍ 72 പ്രാവശ്യം സാധാരണ ഗതിയില്‍ ഹൃദയമിടിക്കുന്നു. അത് 90 തവണയില്‍ കൂടിയാലും 60 തവണയില്‍ കുറഞ്ഞാലും അനന്തര ഫലം മനുഷ്യര്‍ അനുഭവിക്കേണ്ടി വരും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.

പലരും നാം ഈ വായിക്കുന്ന നിമിഷത്തിന് തൊട്ടു മുമ്പുവരെ ചിരിച്ച് കളിച്ചവര്‍ ചിലരുടെ തുറന്ന വായ് അടക്കുവാന്‍ കഴിയാതെ അങ്ങനെ തന്നെ മറിഞ്ഞു വീണ് ജീവന്‍ പോയവര്‍ എത്രയെണ്ണം എന്ന് എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് ഉദ്യോഗസ്ഥനായ ഒരു പിതാവ് മകളുടെ കല്യാണത്തിന്‍റെ തലേ രാത്രിയില്‍ അതിഥികളെ സന്തോഷിപ്പിക്കുവാന്‍ പാട്ട് പാടി ക്കൊണ്ട് നില്‍ക്കുമ്പോള്‍ ആ നിന്ന നില്‍പ്പില്‍ നിലംപരിശയായതും, അങ്ങകലെ വാര്‍ത്ത വായിച്ചു കൊണ്ടി രുന്ന മാധ്യമ പ്രവര്‍ത്തക ഇരുന്ന ഇരുപ്പില്‍ മറിഞ്ഞു വീണു മരിച്ചതും, പ്രസംഗിച്ചുകൊണ്ടിരുന്ന പാതിരിയും, പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന പാസ്റ്ററും, കര്‍മ്മങ്ങള്‍ നടത്തിക്കൊണ്ടിരുന്ന പൂജാരിയും ഇതുപോലെ മരിച്ചിട്ടുള്ള സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. ദൈവമില്ലായെന്ന് സെമിനാര്‍ നടത്തിക്കൊണ്ടിരുന്ന നിരീശ്വര വാദിയുടെ ലീഡറും വഴിയില്‍ വച്ച് അസ്ഥമിച്ചത് മറക്കാന്‍ പറ്റാത്ത സംഭവം തന്നെയാണ്. ഇങ്ങനെ തുടങ്ങി എത്രയെത്ര വിഷയങ്ങള്‍ ഇവിടെ എണ്ണിയെണ്ണി നമുക്ക് ഒപ്പം പറയാനുമുണ്ട്.

ദൈവമില്ലായെന്ന് പറയുന്നവരെപ്പോലും ദൈവം ഈ ലോകത്തില്‍ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. ദുഷ്ടന്‍റെ മേലും നീതിയുള്ളവന്‍റെ മേലും ദൈവം മഞ്ഞും, മഴയും, വെയിലും, രാത്രിയും, പകലുമെല്ലാം നല്‍കിക്കൊണ്ടിരിക്കുന്നു. കാരണം ദൈവം ദീര്‍ഘക്ഷമയുള്ളവനും മഹാ കരുണയുള്ളവനുമായത് കൊണ്ട് ദൈവത്തിന്‍റെ വ്യക്തിത്വത്തിന് ഒരിക്കലും മാറ്റം വരികയില്ല മാറ്റം വരുത്തുവാന്‍ ദൈവം മനുഷ്യനുമല്ല...... കാരണം ദൈവം ദൈവമാണ് ദൈവത്തിന് ഒപ്പം തുല്യന്‍ ദൈവം മാത്രമേയുള്ളു അതാണ് സത്യം.

മനുഷ്യര്‍ ഓരോ നിമിഷവും കുതന്ത്രങ്ങള്‍ നെയ്തു കൂട്ടി ദൈവത്തെപ്പോലും മറന്ന് ലോകത്തില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്നു. അയല്‍ രാജ്യങ്ങളെ ശത്രുതയുടെ തീ പന്തങ്ങളില്‍ കൂടി അപരന്‍റെ സ്വകാര്യ  കതയെ നശിപ്പിക്കത്തക്ക നിലയില്‍ പലവിധത്തിലുള്ള ബോംബ്, മിസൈല്‍, തോക്കിന്‍റെ ചുണ്ടില്‍ നിന്നും തീയ് പറപ്പിക്കുന്ന ഉഗ്രന്‍ വെടിയുണ്ടകളും, ആളില്ലാ വിമാനങ്ങളില്‍ അണുവായുധം കയറ്റി യാതൊരു കൂസലും ഉളുപ്പുമില്ലാതെ ട്രോണ്‍ പോലുള്ള വിമാനങ്ങളില്‍ (Tron Fighting) കയറ്റി മാരക വിഷം വായുവിലും  മനുഷ്യര്‍ കുടിക്കുന്ന കുടിവെള്ളത്തിലും കടത്തിവിട്ട് മറ്റു രാജ്യങ്ങളിലിരുന്നു ജയിച്ചുവെന്ന് ചിരിച്ചു കൊണ്ടകൈയടിച്ച് സന്തോഷിക്കുമ്പോള്‍ ഈ ചെയ്യുന്നവര്‍ ഒന്ന് ഓര്‍ത്തു നോക്കുക പാവം നിരപരാധികളാണ് മിക്കവാറും കൊല്ലപ്പെടുന്നതും കഷ്ടത്തിലാകുന്നതും. പല കുടുംബങ്ങളില്‍ പലരും അനാഥരും, പലരും  അംഗവൈകല്യമുള്ളവരാകുകയും തീരാവ്യാധികളാലെ പിടിക്കപ്പെടുകയും കൊച്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പലരുടെയും കാഴ്ച പോലും നഷ്ടപ്പെട്ടവരായി മാറുന്നുവെന്ന് ഇവിടെ പറയാതെ വയ്യ.

ലോക സമാധാനത്തിനായി പലരും പ്രാര്‍ത്ഥിക്കുമ്പോഴും യുദ്ധം നിറുത്തലാക്കാന്‍ അധികാരികള്‍ കരാറുകളില്‍ രാജ്യങ്ങള്‍ തമ്മില്‍ ഒപ്പിട്ട് ആ മഷി ഉണങ്ങി തീരുന്നതിന് മുമ്പ് ഇതാ വീണ്ടും യുദ്ധത്തിന്‍റെ  ശബ്ദം കാതുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നു....യുദ്ധം, യുദ്ധം....... ഇവിടെയാണ് നമുക്ക് ചിന്തിക്കാന്‍ പറ്റാത്ത വിരോധാഭാസം എന്ന് പറയുന്നതിന്‍റെ സാരം എന്ന് ചിന്തിക്കണം.

യുദ്ധത്തിന് നേതൃത്വം കൊടുക്കുന്നവര്‍ മിക്കവറും എവിടെയും സേയ്ഫ് (Safe Zone)സോണിലാണ്, യുദ്ധത്തിനിറങ്ങുന്നവര്‍ ഡെയ്ഞ്ചര്‍ (Danger Zone) സോണിലുമാണ്. ഇതുപോലെ തന്നെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരുടെ കാര്യത്തിലും ഒട്ടും മോശമല്ല........ സുബോധമുള്ളവര്‍ ഇത് മറന്നു പോകരുത് എന്ന് ഒരു അപേക്ഷ എനിക്കുണ്ട് നാം ഇനിയെങ്കിലും മണ്ടന്മാര്‍ ആകരുത്.

ഇവിടെ സമരത്തിന് ആഹ്വാനം നല്‍കുന്ന നേതാക്കളോ, അവരുടെ മക്കളോ വഴിയരികില്‍ എവിടെയെ ങ്കിലും അടികൊള്ളാറുണ്ടോ? മനസിരുത്തി ഒന്നു ചിന്തിക്കൂ സഹോദരങ്ങളെ....നമ്മുടെ നാട്ടിലുള്ള കലാലയ ങ്ങളില്‍ അക്രമരാഷ്ട്രീയം അഴിച്ചു വിട്ടിട്ട് വിദ്യാര്‍ത്ഥികളെ തമ്മില്‍ തല്ലി തലപൊട്ടിച്ച് ചോര വാര്‍ന്ന് വഴിയരികില്‍ കിടക്കുമ്പോള്‍ സമരത്തിന് ആഹ്വാനം കൊടുത്തവരുടെ മക്കള്‍ ഇതിലൊന്നും കാണുകയില്ല. അവരുടെ മക്കള്‍ ഇവിടെ ഇല്ലല്ലോ.....ഇവിടുത്തെ കലാലയങ്ങളില്‍ അവര്‍ പഠിക്കാറുമില്ല. അങ്ങകലെ എന്നു നാം പറയുന്ന രാജ്യങ്ങളായ അമേരിക്ക, കാനഡ, ലണ്ടന്‍, ജപ്പാന്‍, ഓസ്ട്രേലിയ, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വസ്ഥമായി പഠിച്ചു ജീവിക്കാനുള്ള വഴി അവര്‍ കണ്ടുപിടിക്കുന്നു. നേതാക്കളുടെ വാക്കിന് ഇറങ്ങുന്ന വിവരദോഷികളായവര്‍ വല്ലവരുടെയും തല്ലുകൊണ്ട് ഇവിടെത്തെ വഴിയരികില്‍ ചുരുണ്ട് കൂടുന്നു.

ഇവിടെ നടനമാടുന്ന തെരുവ് ഗുണ്ടായിസത്തിന് സമരത്തിന് ആഹ്വാനം നല്‍കുന്ന നേതാക്കന്മാരുടെ മക്കളെ കിട്ടുകയില്ല എന്ന് തലയില്‍ ആള്‍താമസമുള്ളവര്‍ ചിന്തിക്കട്ടെ. വഴക്കാളികളായ സമരം വിളിക്കുന്നവര്‍ ചിന്തിച്ചുവെങ്കില്‍ ഇനിയൊരു അക്രമ രാഷ്ട്രീയത്തിന് ഇവിടം കളമൊരുങ്ങുകയില്ലായിരുന്നു എന്നതാണ് എന്‍റെ അഭിപ്രായം.

ലോകം വികസിച്ചു വലുതായി ഇന്‍റര്‍നെറ്റ്, ട്വിറ്റര്‍, ഫേയ്സ് ബുക്ക്, ഫെയ്സ് ആപ്പ്, ഇമെയില്‍, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, യൂടൂബ് തുടങ്ങിയവയെല്ലാം ഇവിടെ പ്രചാരത്തിലായില്ലേ?. ലോകം കുതിച്ചുയരുന്നു, നാം കീപ്പടി താഴേക്കും പോകുന്നു. ഇത്രയെങ്കിലും ചിന്തിക്കുവാനുള്ള മൂള ഓരോരുത്തരുടെയും തലയ്ക്കകത്ത് ഉണ്ടായാല്‍ ഇനിയെങ്കിലും നന്നാവാമായിരുന്നു എന്ന് ചിന്തിച്ചു പോകയാണ്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു രാജ്യത്ത് പോകുന്ന യാത്രാവേളയില്‍ പരിചയപ്പെട്ട ഒരു തമിഴ് സഹോദരന്‍ മറ്റൊര് ആളിനെക്കുറിച്ച്  എന്നോടു പറഞ്ഞത് ഇപ്രകാരമായിരുന്നു. "അയ്യാ ആണ്ടവര്‍ അവര്‍ക്ക് എല്ലാം കൊടുത്തിറുക്ക് പക്ഷേ മൂള മാത്രം കൊടുത്തില്ലയ്യാ..." അദ്ദേഹം തമാശരൂപത്തില്‍ പറഞ്ഞതാണ് എങ്കിലും വിഷയം ചിന്തനീയമാണ്. സത്യമല്ലേ....മുകളില്‍ പറഞ്ഞ വാക്ക് നമുക്ക് തള്ളി കളയാന്‍ പറ്റുമോ? ഏയ് മനുഷ്യാ... നീ ആരാ?

RELATED STORIES