മുളക്കുഴയിൽ വിശ്വാസികളുടെ ഉപരോധം;

അന്വേഷണ റിപ്പോർട്ട് പുറത്തുവരാൻ വൈകുന്നു; പക്ഷേ ഓഫീസിൽ പൊലീസ് എത്താൻ ഒട്ടും വൈകിയില്ല...! 


സാമ്പത്തിക ആരോപണങ്ങളിൽ നടപടി വൈകുന്നു; പ്രതിഷേധക്കാർക്ക് മറുപടിയായി പൊലീസ് നടപടി!


മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് മുളക്കുഴ സ്റ്റേറ്റ് ഓഫീസിൽ ഇന്ന് വിശ്വാസികളുടെയും പാസ്റ്റർമാരുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും ഉപരോധവും അരങ്ങേറി.


രാവിലെ ഒൻപത് മണിയോടെ ഓഫീസിലെത്തിയ ശുശ്രൂഷകരും വിശ്വാസികളും യുവജന പ്രവർത്തകരും കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ ഓഫീസിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു.


സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന ആരോപണം നേരിടുന്ന സ്റ്റേറ്റ് ഓവർസിയർ വൈ. റെജിക്കെതിരെ നടപടി സ്വീകരിക്കുക, വേൾഡ് മിഷന്റെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തുക, ഓഫീസ് ഭരണം സുതാര്യമാക്കുക, ഓഫീസ് ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.


സാമ്പത്തിക ആരോപണങ്ങളിൽ അന്വേഷണം നടത്തിയിട്ടും റിപ്പോർട്ടും തുടർനടപടികളും വൈകുന്നതിലുള്ള അതൃപ്തിയാണ് പ്രതിഷേധമായി പുറത്തുവന്നത്.


പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിനായി സ്റ്റേറ്റ് ബോർഡ് ജോയിന്റ് സെക്രട്ടറി അജി കുളങ്ങരയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പൊലീസിനെ വിളിച്ചുവരുത്തിയതോടെ സംഭവത്തിന് പുതിയ വഴിത്തിരിവുണ്ടായി.


സമാധാനപരമായി പ്രതിഷേധിച്ചവരെ നിയന്ത്രിക്കാൻ പൊലീസ് എത്തിയതും, പൊലീസ് കൗൺസിൽ ഹാളിലും ഓഫീസിനുള്ളിലും പ്രവേശിച്ചതും പ്രതിഷേധത്തിന് കാരണമായി.


ഇനി ചില ചോദ്യങ്ങൾ മാത്രം ബാക്കി:


വിശ്വാസികൾ ചോദിക്കുന്നത് അന്വേഷണ റിപ്പോർട്ടാണ്; മറുപടിയായി എത്തുന്നത് പൊലീസാണോ?


സാമ്പത്തിക ആരോപണങ്ങളിൽ നടപടി എടുക്കാൻ വൈകുമ്പോൾ, പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ഇത്രയും വേഗത്തിൽ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് എന്തുകൊണ്ട്?


അന്വേഷണ റിപ്പോർട്ടിന് ഇത്രയും രഹസ്യസ്വഭാവം എന്താണ്? ഓഫീസ് ജനങ്ങളുടേതാണോ, അതോ ജനങ്ങൾ ഓഫീസിന് പുറത്തുനിൽക്കേണ്ടവരാണോ?


1 .സഭയുടെ സ്ഥലം ബന്ധുവിന്റെ പേരിൽ ആധാരം ചെയ്തു: ആലുവ സെന്ററിലെ ചേന്ദമങ്ങലം സഭയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനായി വാങ്ങിയ 11 സെന്റ് സ്ഥലം ഓവർസിയറുടെ ബന്ധുവിന്റെ  പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആകെ വിലയായ 26 ലക്ഷം രൂപയിൽ 21 ലക്ഷം രൂപയും സഭാവിശ്വാസികളിൽ നിന്ന് പിരിച്ചെടുത്തിട്ടും, ബാക്കി 5 ലക്ഷം രൂപ ലോണെടുത്തു എന്ന കാരണത്താൽ സഭയുടെ സ്വത്ത് ബന്ധുവിന്റെ പേരിലാക്കി മാറ്റി. 

2 .42 ലക്ഷത്തിന്റെ സാമ്പത്തിക ക്രമക്കേടും 23 ലക്ഷം തിരിച്ചടച്ചെന്ന കുറ്റസമ്മതവും: ഓവർസിയർക്കെതിരെ 42 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായി 'ക്രിസ്ത്യൻ ലൈവ് ഡെയ്‌ലി' പത്രം വാർത്ത പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ 23 ലക്ഷം രൂപ സഭാ ഓഫീസിലേക്ക് രഹസ്യമായി തിരിച്ചടച്ചു എന്ന ആരോപണം സഭയുടെ പണം അനധികൃതമായി എടുത്തു എന്നതിന്റെ വ്യക്തമായ തെളിവാണ്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച് ഒരു കോടിയിൽ അധികം രൂപയുടെ സാമ്പത്തീക ക്രമക്കേട് നടന്നതായി മനസിലാക്കുന്നു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെങ്കിൽ നിയമനടപ്പടിക്ക് എന്തുകൊണ്ട് പോകുന്നില്ല, എന്തുകൊണ്ട് നിഷേദിക്കുന്നില്ല?


3. വിദേശ സംഭാവനകൾ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി : സഭയ്ക്ക് വേണ്ടിയും ജനറൽ കൺവെൻഷന് വേണ്ടിയും വിദേശത്തുനിന്ന് വിശ്വാസികൾ അയച്ച സംഭാവനകൾ സഭയുടെ ഔദ്യോഗിക കണക്കിൽ ചേർക്കാതെ ഓവർസിയറുടെ വ്യക്തിപരമായ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത് (ഉദാഹരണത്തിന്, അമേരിക്കയിലെ ടെക്സാസിൽ നിന്ന് അയച്ച 1,00,038 രൂപയും മറ്റ് അനേകം സംഭാവനകളും). വിദേശ സംഭാവനകൾ ഡൽഹിയിലുള്ള സഭയുടെ ഔദ്യോഗിക എഫ്.സി.ആർ.എ (FCRA) അക്കൗണ്ടിൽ മാത്രമേ സ്വീകരിക്കാവൂ എന്ന ഇന്ത്യൻ നിയമം (FCRA, PMLA, BNS) ലംഘിച്ചത് വഴി സഭയുടെ രജിസ്ട്രേഷനും സ്വത്തുക്കൾക്കും തന്നെ വലിയ നിയമഭീഷണി ഉണ്ടാക്കിയിരിക്കുന്നു. 


4 .പാസ്റ്റർമാർക്ക് നൽകിയ സഹായധനത്തിൽ കള്ളവൗച്ചർ തിരിമറി: മാർച്ച് 13, ജൂൺ 8, ഓഗസ്റ്റ് 19 എന്നീ തീയതികളിൽ നടന്ന മീറ്റിംഗുകളിൽ പങ്കെടുത്ത 40 പാസ്റ്റർമാർക്ക് 1,000 രൂപ വീതം മാത്രം സാമ്പത്തിക സഹായം നൽകിയിട്ട്, ഓഫീസിലെ വൗച്ചറുകളിൽ 1,500 രൂപയും 2,500 രൂപയും നൽകിയതായി വ്യാജ കണക്കെഴുതി പണം തട്ടി. ഇതിന് പുറമെ ചില പാസ്റ്റർമാരുടെ പേരിൽ 5000 രൂപയുടെ കള്ളാ വൗച്ചർ എഴുതി സ്വന്തം കീശയിൽ പണം ഇട്ടു എന്നും അറിയുവാൻ കഴിഞ്ഞു.

5. ടെൻഡർ വിളിക്കാതെ സീയോൻ കുന്നിലെ ബംഗ്ലാവ് നവീകരണം: മുൻ ഓവർസിയർ പാസ്റ്റർ സി. സി. തോമസിന്റെ കാലത്ത് പുതുക്കിപ്പണിത സീയോൻ കുന്നിലെ ഓവർസിയറുടെ ഔദ്യോഗിക വസതി, സ്റ്റേറ്റ് കൗൺസിലിൽ ചർച്ച ചെയ്യാതെയും ടെൻഡർ വിളിക്കാതെയും ലക്ഷങ്ങൾ ചിലവഴിച്ച് വീണ്ടും മോടിപിടിപ്പിച്ചു. സഭാ പോളിസി ലംഘിച്ച് ഈ പണികൾ ഉയർന്ന തുകയ്ക്ക് സ്വന്തം സുഹൃത്തിന് നൽകുകയും കണക്കുകൾ കൗൺസിലിൽ നിന്ന് മറച്ചുവെക്കുകയും ചെയ്തു. 


6.ആറന്മുള ചിൽഡ്രൻസ് ഹോമിലെ രഹസ്യ നിർമ്മാണ ഇടപാട് : സ്റ്റേറ്റ് കൗൺസിലിനെയോ ചിൽഡ്രൻസ് ഹോം ബോർഡിനെയോ അറിയിക്കാതെ, ആറന്മുള ചിൽഡ്രൻസ് ഹോമിന്റെ ചുറ്റുമതിൽ നിർമ്മാണം ടെൻഡർ നടപടികൾ ലംഘിച്ച് ഉയർന്ന തുകയ്ക്ക് ഓവർസിയറുടെ അടുപ്പക്കാരനെ ഏൽപ്പിച്ചു. ഓവർസിയറും ഓഫീസ് മാത്രം അറിഞ്ഞുകൊണ്ട് നടത്തിയ ഈ ഇടപാടിന്റെ കണക്കുകൾ കൗൺസിലിനെ അറിയിക്കാതെ ഇരുട്ടിൽ നിർത്തി. 


7.തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ട്രഷററെ ബാങ്ക് ഇടപാടുകളിൽ നിന്ന് മാറ്റിനിർത്തി : 2026–2028 കാലഘട്ടത്തിലേക്ക് സ്റ്റേറ്റ് കൗൺസിൽ ഔദ്യോഗികമായി തിരഞ്ഞെടുത്ത സ്റ്റേറ്റ് ട്രഷററുടെ പേര് നാളിതുവരെ സഭയുടെ ബാങ്ക് അക്കൗണ്ടുകളിൽ ചേർക്കുകയോ, സഭയുടെ വരവ്-ചിലവ് കണക്കുകൾ അദ്ദേഹത്തെ കാണിക്കുകയോ ചെയ്തിട്ടില്ല. 


8.വോട്ട് ബാങ്കിന് വേണ്ടി രഹസ്യ ക്രിഡൻഷ്യൽ പരീക്ഷയും പണപ്പിരിവും : സ്റ്റേറ്റ് കൗൺസിൽ അറിയാതെയും മുൻ ക്രിഡൻഷ്യൽ ഡയറക്ടറുടെ എതിർപ്പിനെ മറികടന്നും, എറണാകുളം കളമശ്ശേരി ചർച്ചിൽ വെച്ച് ഒരു പ്രത്യേക അഫിലിയേറ്റഡ് സംഘടനയിലെ അംഗങ്ങൾക്ക് മാത്രമായി രഹസ്യമായി പാസ്റ്റർമാരുടെ ക്രിഡൻഷ്യൽ പരീക്ഷ നടത്തി. വെറും 5 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ഓവർസിയറുടെ വോട്ട് ബാങ്കാണ് ഈ സംഘടന. കൗൺസിൽ മീറ്റിംഗിൽ ഇതിനെപ്പറ്റി ചോദിച്ചപ്പോൾ അങ്ങനെ ഒരു പരീക്ഷ നടന്നിട്ടില്ല എന്ന് കള്ളം പറയുകയും, പരീക്ഷ എഴുതാൻ ഒരാളിൽ നിന്ന് 10,000 രൂപ വീതം വാങ്ങിയതായി വ്യാപകമായ പരാതിയുയരുകയും ചെയ്തിട്ടുണ്ട്. 


9 .വേദപുസ്തകത്തിൽ തൊട്ട് കള്ളസത്യവും അസഭ്യമായ ഭാഷയും: സഹശുശ്രൂഷകരോടും വിശ്വാസികളോടും നിരന്തരം കോപിക്കുകയും, ആത്മീയർ പറയാൻ അറയ്ക്കുന്ന വാക്കുകളും മോശം ആംഗ്യങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു (ഇതിന്റെ ഓഡിയോ തെളിവുകൾ ലഭ്യമാണ്). മുളക്കുഴ ഓഫീസിൽ പ്രശ്നപരിഹാരത്തിന് എത്തുന്ന മുളക്കുഴ, കൊടുമൺ, വെൺമണി, മുതുപേഴുങ്കൽ സഭകളിലെ വിശ്വാസികളോട് ക്രൂരമായി സംസാരിക്കുകയും, വേദപുസ്തകത്തിൽ അടിച്ച് സത്യം ചെയ്തിട്ട് "നമുക്ക് വാക്കുകളല്ലേ മാറ്റാൻ കഴിയൂ" എന്ന് പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നു. 


10. ഭരണസമിതിയെ (State Council) അവഹേളിക്കലും ഏകാധിപത്യവും: പാസ്റ്റർമാർ തിരഞ്ഞെടുത്ത കൗൺസിൽ അംഗങ്ങളെ കഴിവില്ലാത്തവർ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭൂരിപക്ഷ തീരുമാനങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു. ഇഷ്ടക്കാർക് ഉന്നത പദവികൾ വീതിച് നൽകുന്നു, അർഹരായവരെ മാറ്റിനിര്ത്തുന്നു.


11. ആത്മീയ വിട്ടുവീഴ്ചയും സഭയ്ക്ക് ഉണ്ടായ കടുത്ത മാനക്കേടും: മുളക്കുഴയിലെ ബാങ്ക് ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തിയത് വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇത് റിപ്പോർട്ട് ചെയ്‍തതായ ക്രിസ്ത്യൻ സാമൂഹിക മാധ്യമങ്ങൾ ഇല്ല. ഫോട്ടോ സഹിതമാണ് ഇത് റിപ്പോർട്ട് ചെയ്‌തത്‌. 


സാമ്പത്തിക തട്ടിപ്പുകളും മറ്റ് ക്രമക്കേടുകളും സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞതോടെ സഭയെ പൊതുസമൂഹം പരിഹസിക്കുകയും, സത്യങ്ങൾ പുറത്തുകൊണ്ടുവന്നവർക്കെതിരെ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നു.


അഴിമതികൾ പുറത്തുകൊണ്ടുവരുവാൻ ചർച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ഒരു സമിതിയെ നിയോഗിച്ചു. ആ സമ്മതി കണക്കുകൾ പരിശോധിച്ചപ്പോൾ, കഴിഞ്ഞ 2 വർഷംകൊണ്ട് ഒരു കോടിയിൽ അധികം രൂപയുടെ സാമ്പത്തീക ക്രമക്കേട് കണ്ടെത്തി. ഈ ഓഡിറ്റ് റിപ്പോർട്ട് പുറത് വിടണം, കാരണം ഇത് കേരളത്തിലെ വിശ്വാസികളുടെ പൈസ ആണ് . നമുക്ക് നമ്മുടെ പ്രസ്ഥാനത്തിൽ എന്താണ് നടക്കുന്നത് എന്ന് അറിയാൻ പൂർണ അധികാരം ഉണ്ട്.


പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് ചർച്ചയിലൂടെയാണ്; ചോദ്യങ്ങൾ ചോദിക്കുന്നവരെ മാറ്റിനിർത്തുന്നതിലൂടെയല്ല. വിശ്വാസികൾക്ക് വേണ്ടത് പൊലീസ് സാന്നിധ്യമല്ല, വ്യക്തമായ മറുപടിയും സുതാര്യമായ ഭരണവുമാണ്!

RELATED STORIES