സംസ്ഥാനത്തെ ആശുപത്രികളില്‍ 24 മണിക്കൂറും സുരക്ഷയൊരുക്കണമെന്ന് ഹൈകോടതി
Reporter: News Desk 11-May-20232,513

മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതികളെ ഹാജരാക്കുന്ന വേളയിലുള്ള മാനദണ്ഡങ്ങള്‍ വൈദ്യ പരിശോധനാ സമയത്തും പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വൈദ്യ പരിശോധനയ്ക്ക് പ്രതിയെ എത്തിക്കുന്നത്
സംബന്ധിച്ച് പുതിയ പ്രോടോക്കോള്‍ മൂന്ന് ദിവസത്തിനകം തയാറാക്കി അറിയിക്കുമെന്ന്
പൊലീസ് കോടതിയെ അറിയിച്ചു. സംഭവസ്ഥലത്ത് ഭയന്ന് നിന്നുപോയതാണ് ഡോക്ടര്‍ വന്ദന
ആക്രമണത്തിന് ഇരയാവാന്‍ കാരണമെന്നായിരുന്നു കോടതിയില്‍ പൊലീസിന്റെ വാദം.
സൈബര്‍ ആക്രമണങ്ങളെ മുഖവിലക്കെടുക്കുന്നില്ല എന്ന
പരാമര്‍ശത്തോടെയായിരുന്നു ഡോക്ടര്‍ വന്ദനയുടെ മരണം സംബന്ധിച്ച വിഷയം ഹൈകോടതി
പരിഗണിച്ചത്. വ്യക്തികളെയല്ല സംവിധാനത്തെയാണ് വിമര്‍ശിക്കുന്നത് എന്ന് വ്യക്തമാക്കിയെങ്കിലും
പൊലീസിനെതിരെ രണ്ടാംദിവസവും കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷവിമര്‍ശനമുണ്ടായി.
സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ ഹാജരായി സംഭവത്തെക്കുറിച്ച്
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
സംഭവ ദിവസം പുലര്‍ചെ ഒരുമണിക്ക് പ്രതി സന്ദീപ് വിളിച്ച
ആദ്യ കോള്‍ മുതല്‍ വന്ദനയുടെ മരണം വരെയുള്ള കാര്യങ്ങള്‍ രേഖാചിത്രങ്ങളും, ദൃശ്യങ്ങളും, ശബ്ദരേഖയും
സഹിതമാണ് പൊലീസ് അവതരിപ്പിച്ചത്. സംഭവസ്ഥലത്ത് ഭയന്ന് നിന്നുപോയതാണ് വന്ദന
ആക്രമണത്തിന് ഇരയാവാന്‍ കാരണമെന്നായിരുന്നു പൊലീസിന്റെ വാദം.
എന്നാല്‍ വസ്തുത വസ്തുതയായി അവതരിപ്പിക്കണമെന്ന്
കോടതി മുന്നറിയിപ്പ് നല്‍കി. അന്വേഷണം വന്ദനയ്ക്കുവേണ്ടി നടത്തണം, അല്ലെങ്കില്‍
ആത്മാവ് മാപ്പുതരില്ല. വന്ദന ഭയന്ന് നിന്നപ്പോള്‍ പൊലീസ് രക്ഷക്കെത്തിയില്ലെന്ന്
കോടതി വിമര്‍ശിച്ചു.
തുടര്‍ന്ന് ആശുപത്രികളില്‍ 24 മണിക്കൂറും
സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിച്ച കോടതി,
മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതികളെ
ഹാജരാക്കുന്ന വേളയിലുള്ള മാനദണ്ഡങ്ങള്‍ വൈദ്യ പരിശോധനാ സമയത്തും പാലിക്കണമെന്നും
നിര്‍ദേശിച്ചു. സുരക്ഷയ്ക്കായി സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ഫോഴ്‌സിനെ
നിയോഗിക്കുമെന്നും, ആവശ്യമെങ്കില്‍ പണം നല്‍കി സ്വകാര്യ ആശുപത്രികള്‍ക്കും ഇവരെ
ഉപയോഗിക്കാമെന്നും പൊലീസ് അറിയിച്ചു.
വിഷയത്തെ കോടതി ഗൗരവത്തോടെയാണ് കാണുന്നതെന്നും
പിന്നെന്തിനാണ് സമരം നടത്തുന്നതെന്നും ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷനോട് കോടതി
ചോദിച്ചു. ചികിത്സ കിട്ടാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്, ഇക്കാര്യം
പരിഗണിക്കണം. തുടര്‍ന്ന് വിഷയം കക്ഷികളെ അറിയിക്കാമെന്ന് ഐഎംഎയുടെ അഭിഭാഷകന്‍
അറിയിച്ചു.