ഗുരുവായൂര്‍ കോട്ടപ്പടിയില്‍ കെഎസ്‌ഇബിയുടെ അനാസ്ഥ മൂലം മരംവെട്ടുകാരന്‍ ഷോക്കേറ്റ് മരിച്ചു

മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ ഓണ്‍ ചെയ്തതാണ് അപകടകാരണം. കോട്ടപ്പടി സ്വദേശി നാരായണന്റെ മൃതദേഹവുമായി നാട്ടുകാര്‍ കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ചു.
ഇന്നലെയായിരുന്നു സംഭവം.

സ്വകാര്യവ്യക്തിയുടെ പറമ്ബിലെ മരം വെട്ടുന്നതിന് വേണ്ടിയാണ് കോട്ടപ്പടി സ്വദേശി നാരായണന്‍ എത്തിയത്. മരം മുറി പൂര്‍ത്തിയാകുന്നതിന് മുന്‍പെ കെഎസ്‌ഇബി ലൈന്‍ ചാര്‍ജ് ആവുകയും വൈദ്യുതി പ്രവഹിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ ഷോക്കേൽക്കുന്നത്.

സംഭവത്തില്‍ കെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് ഗുരുതര അനാസ്ഥയുണ്ടായെന്നാണ് നാട്ടുകാരുടെ ആരോപണം. ഭാര്യയും രണ്ടുമക്കളുമുളള ഈ നിര്‍ധന കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ എന്ന കാര്യം പരിശോധിക്കും. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

RELATED STORIES