ഡോ. വേണു കുട്ടനാട്ടുകാര്‍ക്ക് അഭിമാന നിമിഷം

തലവടി: സംസ്ഥാനത്തിന്റെ ഭരണചക്രം ഏറ്റെടുത്ത ഡോ. വേണു ഐ.എ.എസ്. കുട്ടനാട് തലവടിയുടെ സ്വന്തക്കാരന്‍. തലവടി പൂണുതുറ ഡോ. പി.ടി രാജമ്മയുടെ മകനാണ് ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഡോ. വേണു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പഠിച്ചിറങ്ങിയ ഡോ. വേണു കുറച്ചുകാലം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ആദ്യവര്‍ഷം ഐ.ആര്‍.എസിലും അടുത്തവര്‍ഷം ഐ.എ.എസിലും റാങ്ക് നേടി. സബ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.


സംസ്ഥാനത്തിന്റെ ടൂറിസം, സാംസ്‌കാരിക രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിനു വഴിയൊരുക്കിയ ഉദ്യോഗസ്ഥനാണു പുതിയ ചീഫ് സെക്രട്ടറി ഡോ. വി. വേണു. അദ്ദേഹം സംസ്ഥാന ടൂറിസം ഡയറക്ടറായും ടൂറിസം വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച കാലത്താണു വിനോദസഞ്ചാര മേഖലയില്‍ സ്വകാര്യ- പൊതുമേഖലാ ബന്ധം ശക്തമാക്കിയത്.

കേരള ട്രാവല്‍ മാര്‍ട്ട് എന്ന ആശയത്തിനു പിന്നില്‍ ഡോ. വേണു ആയിരുന്നു. ഉത്തരവാദിത്വ ടൂറിസത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിനും പ്രേരണ നല്‍കി. അദ്ദേഹത്തിന്റെ ''ആന്‍ ഇന്‍്രെടാഡക്ഷന്‍ ടു ദ ബിസിനസ് ഓഫ് ടൂറിസം'' എന്ന പുസ്തകം ടൂറിസം വിദ്യാര്‍ഥികള്‍ക്ക് ആധികാരിക ഗ്രന്ഥമാണ്. 2007 മുതല്‍ 2011 വരെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്താണ് ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ആരംഭിച്ചത്. കേരളം മ്യൂസിയം എന്ന പേരില്‍ പുതിയ മ്യൂസിയം നിര്‍മിച്ചതും ഇക്കാലത്താണ്. മ്യൂസിയങ്ങള്‍, പുരാരേഖകള്‍ എന്നിയുടെ സംരക്ഷണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.

2018
ലെ പ്രളയത്തിനു ശേഷം സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനായി. റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്റെ ചീഫ് എക്‌സിക്യൂട്ടിവായി ഡോ. വേണു സേവനമനുഷ്ഠിക്കുമ്പോഴാണ് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പുനര്‍നിര്‍മാണം സംബന്ധിച്ചു ലോകബാങ്കുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്തിയത്. ആഭ്യന്തര വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പിന്റെ അധികച്ചുമതല, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) മാനേജിങ് ഡയറക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, എക്‌െസെസ് കമ്മിഷണര്‍, ഭക്ഷ്യ - സിവില്‍ സെപ്ലെസ് സെക്രട്ടറി, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നാടക അരങ്ങുകളിലും വേണു സജീവമായിരുന്നു. എം.ബി.ബി.എസ്. നേടിയ ശേഷം സിവില്‍ സര്‍വീസില്‍ എത്തുകയായിരുന്നു.

എല്ലാ അവധിക്കാലത്തും മാതൃവീടായ തലവടിയില്‍ എത്തിയിരുന്നു. തലവടി എസ്.ഡി.വി.എസ് ഗ്രന്ഥശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വായിച്ചു വളര്‍ന്ന വ്യക്തിയാണു താനെന്ന് അഭിമാനത്തോടെ ഡോ. വേണു പറയാറുണ്ട്. തലവടി ഗ്രാമത്തിലെ വിവിധ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാറുള്ള ഡോ. വേണു നാട്ടുകാരുടെ പ്രിയങ്കരനാണ്. 2018 ലെ പ്രളയകാലത്ത് തലവടിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രചിച്ച സാഹിത്യ സൃഷ്ടികള്‍ സമാഹരിച്ചുകൊണ്ട് തലവടി ചര്‍ച്ചാ വേദി പ്രസിദ്ധീകരിച്ച പ്രളയം എന്ന പുസ്തകവും പി.വി രവീന്ദ്രനാഥിന്റെ ജീവചരിത്ര പുസ്തകവും പ്രകാശനം നിര്‍വഹിക്കാന്‍ തലവടിയില്‍ എത്തിയിരുന്നു.

ഫയലുകളില്‍ മലയാളത്തില്‍ ഒപ്പിടുകയും മുണ്ട് ധരിച്ച് ഓഫീസില്‍ എത്തുകയും ചെയ്യുന്നത് വേണുവിന്റെ പ്രത്യേകതയാണ്. തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായി ആദ്യ നിയമനം. ഭാര്യ ശാരദ മുരളിധരന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയാണ്. മക്കള്‍: കല്യാണി, ശബരി. പിതാവ് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലെ തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രത്തിന്റെ റീജണല്‍ ഡയറക്ടറായിരുന്ന പി.ആര്‍.വി. പണിക്കര്‍. മാതാവ് ഡോ. രാജമ്മ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

RELATED STORIES