പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷന്‍ വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂട്ടാന്‍ തീരുമാനം

ഇതിനായി വാര്‍ഡുകള്‍ വിഭജിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. ഈ ഒറ്റ അജണ്ടയ്‌ക്ക് വേണ്ടി മാത്രമാണ് ഇന്നലെ മന്ത്രിസഭാ യോഗം ചേര്‍ന്നത്. വാര്‍ഡ് വിഭജനം നടപ്പാകുന്നതോടെ 1200 വാര്‍ഡുകള്‍ അധികം ഉണ്ടാകും.

2011ലെ സെന്‍സസ് അനുസരിച്ചുള്ള വാര്‍ഡു വിഭജനമാണ് നടത്തുക. ഓര്‍ഡിനന്‍സ് പുറത്തിറങ്ങുന്നതോടെ വാര്‍ഡ് വിഭജനത്തിനായി ഡീ ലിമിറ്റേഷന്‍ കമ്മിഷന്‍ രൂപീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനായിരിക്കും അധ്യക്ഷന്‍.
സര്‍ക്കാരിന്റെ നാലു പ്രതിനിധികളും അംഗങ്ങളായിരിക്കും.

പുനര്‍നിര്‍ണയത്തിനുള്ള നിര്‍ദേശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരാണ് ഡീ ലിമിറ്റേഷന്‍ കമ്മിഷന് നല്‍കുക. തുടര്‍ന്ന് കരട് വിഭജന രേഖ പുറത്തിറക്കും. ജനസംഖ്യയ്‌ക്ക് ആനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂട്ടുന്ന തരത്തില്‍ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തും. പഞ്ചായത്തുകളില്‍ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ് കണക്ക്. ചെറിയ പഞ്ചായത്തുകളില്‍ പതിമൂന്നും വലുതില്‍ 23ഉം വാര്‍ഡാണ് നിലവിലുള്ളത്. ഭേദഗതിയോടെ പഞ്ചായത്തിലെ കുറഞ്ഞ വാര്‍ഡ് 14ഉം കൂടിയത് 24ഉം ആവും.


RELATED STORIES