വ്യവസായി സുന്ദർ മേനോന്റെ സ്ഥാപനം തട്ടിച്ചത് 7.78 കോടിയെന്ന് ക്രൈം ബ്രാഞ്ച്

തൃശൂർ : വ്യവസായി ടി.എ.സുന്ദർമേനോൻ ചെയർമാനായിരുന്ന ഹീവാൻ ഫിനാൻസ് കമ്പനി നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത്. 7.78 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ് അന്വേഷിക്കുന്ന തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്കു വിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്നും കാലാവധി കഴിഞ്ഞിട്ടും നിക്ഷേപമോ പലിശയോ തിരികെ നൽകിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ആദ്യഘട്ടത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്ട്രേഷൻ ചെയ്ത 18 കേസുകൾ പ്രതിക്കെതിരെ ഉണ്ടായിരുന്നു. പിന്നീടു കേസുകൾ ‘സി ബ്രാഞ്ച്’ അന്വേഷിക്കുകയും തുടർന്നു ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. നിലവിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളുണ്ടെന്നാണു വിവരം.

2016 ലാണ് പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി ഹീവാൻ ഫിനാൻസ്, ഹീവാൻ നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ തുടങ്ങുന്നത്.

വിവിധ പദ്ധതികളിലായി 12 മുതൽ 15 ശതമാനം വരെയും ഓരോ വർഷവും നിക്ഷേപകരെ ആകർഷിക്കാൻ വൻ വാഗ്ദാനങ്ങളുമാണു കമ്പനി നൽകിയത്. 5 വർഷം കൂടുമ്പോൾ ഇരട്ടി നൽകാമെന്ന വാഗ്ദാനത്തിലാണു കോടികളുടെ നിക്ഷേപങ്ങൾ സ്വീകരിച്ചത്.

RELATED STORIES