നടനും സിപിഎം എംഎല്‍എയുമായ മുകേഷിന്റെ രാജി അനിവാര്യമായേക്കും

ആരോപണങ്ങള്‍ ഉയര്‍ന്നതോടെ രഞ്ജിത്തും സിദ്ദിഖും രാജിവച്ചു. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം എഎംഎംഎയുടെ മുഴുവന്‍ ഭാരവാഹികളും കൂട്ടരാജി വരെ സമര്‍പ്പിച്ചു കഴിഞ്ഞു.

മുകേഷ് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തി അവരുടെ അമ്മയോടു പോലും മോശമായി പെരുമാറിയെന്നും ഒടുവില്‍ അടിച്ചു പുറത്താക്കുകയായിരുന്നുവെന്നുമാണ് നടി സന്ധ്യ ഇന്നലെ തുറന്നടിച്ചത്. മിനു മുനീറാണ് കഴിഞ്ഞ ദിവസം മുകേഷിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. മുകേഷ് രാജിവയ്‌ക്കണമെന്ന് ചലച്ചിത്ര താരങ്ങളും രാഷ്‌ട്രീയ നേതാക്കളും മറ്റും ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലും മുകേഷിനോടുള്ള രോഷം ശക്തമാണ്. മുമ്പേ തന്നെ വിവാദങ്ങളില്‍ ചാടി പാര്‍ട്ടിയെ നാണം കെടുത്തിയിട്ടുള്ള നടനാണ് മുകേഷ്. അന്നു മുതല്‍ക്കേ മുകേഷിനോട് പാര്‍ട്ടിയിലെ പലര്‍ക്കും ദേഷ്യമുണ്ട്. പുതിയ ആരോപണങ്ങള്‍ കൂടി വന്നതോടെ മുകേഷിന് പിടിച്ചുനില്‍ക്കാന്‍ പോലും ആകാത്ത സാഹചര്യമാണ് വന്നിട്ടുള്ളത്.

ആരോപണങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിലുയര്‍ന്ന വിമര്‍ശനം. വനിതാ അംഗങ്ങള്‍ അടക്കം മുകേഷിനെതിരേ തിരിഞ്ഞിട്ടുണ്ട്. രോഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെക്കൊണ്ട് രാജിവയ്പിച്ച് തലയൂരിക്കാനും ശ്രമമുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം രോഷം തണുപ്പിക്കാനാകില്ല.

എംഎല്‍എ എന്ന നിലയ്‌ക്കുള്ള പ്രവര്‍ത്തനവും തീരെ മോശമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഒരു കാരണവും ഇതുതന്നെ. മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം അനുദിനം ശക്തമാകുന്നതിനിടെയാണ് ഇത്തരം മോശമായ ആരോപണങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വരുന്നത്. അതിനാല്‍ രാജിക്കുള്ള ആവശ്യം കൂടുതല്‍ ശക്തമാകുകയാണ്. എഎംഎംഎ ഭാരവാഹികള്‍ വരെ രാജിവച്ച സാഹചര്യത്തില്‍ മുകേഷിന്റെ എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജിയും അനിവാര്യമായേക്കും.

RELATED STORIES