പതിമൂന്ന് വയസ്സ് മുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി 18 കാരിയുടെ വെളിപ്പെടുത്തൽ

ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ ഉള്‍പ്പെടുന്നത് അപൂര്‍വമാണ്. കൗമാര കായികതാരത്തെ ബലാത്സംഗം ചെയ്ത കേസില്‍ 10 പേരെ കൂടി കസ്റ്റഡിയില്‍ എടുത്തതോടെ, മനഃസാക്ഷിയുള്ള മനസ്സുകള്‍ ഒരു നിമിഷമെങ്കിലും മരവിച്ചുപോയ സംഭവമായി മാറിയിരിക്കുകയാണ്, പത്തനംതിട്ടയിലെ ദളിത് പെണ്‍കുട്ടി കൂട്ടപീഡനത്തിന് ഇരയായ സംഭവം. 18-കാരിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേരാണ് ലൈംഗികമായി ചൂഷണം ചെയ്തത്.

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നിയമ നടപടിയിലേക്ക് എത്തിച്ചത് കുടുംബശ്രീയുടെയും സിഡബ്ല്യുസിയുടെയും സമയോചിത ഇടപെടലിനെ തുടര്‍ന്നാണെന്നതാണ് പ്രധാനം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് 18 കാരിയായ അതിജീവിതയുടെ മൊഴി. കേസില്‍ കഴിഞ്ഞ ദിവസം അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. പൊലീസ് ഇന്ന് പത്തു പേരെ കൂടിയാണ് കസ്റ്റഡിയില്‍ എടുത്തത്.

അതിജീവതയുടെ ഡയറിക്കുറിപ്പില്‍ നിന്നും ഉപയോഗിച്ച ഫോണില്‍ നിന്നും പ്രതികളുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിടത്തു നിന്നാണ് കേസിന്റെ ആഴം വ്യക്തമാകുന്നത്. 40 പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ബോധവത്കരണ ക്ലാസില്‍ അതിജീവിത പങ്കെടുത്തതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്നത്. അതിജീവിത തന്നെയാണ് കൗണ്‍സിലറോട് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുടുംബശ്രീയുടെ പന്തളത്തെ, സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിലേക്ക് കേസ് കൈമാറുകയും കുട്ടിയെ കൗണ്‍സിലിങ്ങിന് ഹാജരാക്കുകയുമായിരുന്നു.

62 പേരുടെ പേരുവിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞുവെന്നാണ് സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. രാജീവ് അറിയിച്ചത്. 62 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ് മുതല്‍ ചൂഷണത്തിന് ഇരയായതായുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. 2019 മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് കാമുകന്‍ ആദ്യം പീഡിപ്പിച്ചത്. നിരവധി തവണ പീഡിപ്പിച്ചശേഷം സുഹൃത്തുക്കള്‍ക്കും കൈമാറി. ഇക്കൂട്ടത്തില്‍ പോക്സോ കേസില്‍ പിടിയിലായി ജയില്‍വാസം അനുഭവിക്കുന്നയാളുമുള്ളതായാണ് വിവരം.

വീടുമായി അടുപ്പമുള്ള ആളുകളാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. കായികതാരമായ പെണ്‍കുട്ടിയെ പരിശീലകരും പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്റെ ഫോണില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 42 പേരുടെ ഫോണ്‍ നമ്പറുകള്‍ പെണ്‍കുട്ടി അച്ഛന്റെ ഫോണില്‍ സേവ് ചെയ്തിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് എത്തിച്ചത്. ബലാത്സംഗത്തിനിരയായ സമയത്ത് കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. ആ ചിത്രങ്ങള്‍ കണ്ട പ്രതികളില്‍ ചിലര്‍ പത്തനംതിട്ട ചുട്ടിപ്പാറ എന്ന സ്ഥലത്തും പൊതുസ്ഥലങ്ങളിലും സ്‌കൂളിലും വീട്ടിലും വച്ച് ചങ്ങാത്തം നടിച്ച് ബലാത്സംഗം ചെയ്തതായാണ് അതിജീവിതയുടെ മൊഴി.

മൂന്നുപേര്‍ വിളിച്ചുകൊണ്ടുപോയി കൂട്ടമായി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിക്ക് അറിയാത്ത പല സ്ഥലങ്ങളിലും വച്ച് പീഡനം നടന്നിട്ടുണ്ട്. കാറിലും സ്‌കൂളിലും വെച്ചും പീഡനം നടന്നു. വീട്ടിലെത്തിയും പീഡിപ്പിച്ചവരുണ്ട്. സ്‌കൂള്‍തല കായിക താരം കൂടിയായ പെണ്‍കുട്ടി ക്യാംപില്‍ വച്ചും പീഡനത്തിന് ഇരയായി. വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു എല്ലാ പീഡനങ്ങളും നടന്നത്. അപൂര്‍വമായ കേസിന്റെ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ തന്നെയാണ് രൂപീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. സംഭവത്തില്‍ ഇതുവരെ 15 പേരാണ് പിടിയിലായത്.

RELATED STORIES