പാണംതുണ്ടിൽ ജോയമ്മാമ്മയുമായുള്ള ഡോ. സന്തോഷ് പന്തളത്തിൻ്റെ ഓർമ്മക്കുറിപ്പ്
Reporter: News Desk 15-Jul-2026641
1996 ഓഗസ്റ്റ് 15 -ാം തീയതിയാണ് ആദ്യമായിട്ട് ജോയമ്മാമ്മയെ ഞാൻ മുഖാമുഖമായി കാണുന്നത്. അന്ന് എനിക്ക് 24 വയസ് പ്രായമേയുള്ളു. എൻ്റെ ഭാവിയുടെ ആവശ്യകതയിലേക്ക് ആദ്യമായി കുടശ്ശനാട്ട് ഷേർളിയെ കാണാൻ എത്തുന്ന ദിവസം ഇന്നും ഓർമ്മ മണ്ഡലത്തിൽ കാത്തു സൂക്ഷിക്കുന്നു. ഷേർളിയുടെ വീട്ടിൽ ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്യുന്ന ഒരു പുഞ്ചിരിക്കുന്ന മുഖമാണ് ഇപ്പോഴും എൻ്റെ മുമ്പിൽ നിഴലിച്ചു നിൽക്കുന്നത്. ആദ്യമൊക്കെ ഞാൻ ചിന്തിച്ചു ഇതായിരിക്കും ഷേർളിയുടെ മാതാവ്. പക്ഷേ ചില നാളുകൾ കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത് ഞങ്ങളുടെ അമ്മായി ജോയമ്മാമ്മയാണ്.
അമ്മാമ്മ കഴിഞ്ഞ ചില നാളുകൾ കൊണ്ട് ശാരീരികമായ ക്ഷീണത്താൽ ഒത്തിരി പ്രയാസങ്ങളിൽ കൂടി അമേരിക്കയിലും നാട്ടിലുമായി കടന്നു പോകുമ്പോഴും ചെന്ന് കാണുവാനും പ്രാർത്ഥിക്കുവാനുമൊക്കെ അവസരം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
എൻ്റെ ഭാര്യവീടിൻ്റെ എല്ലാ കാര്യങ്ങൾക്കും എല്ലാവിധത്തിലും സഹായമായത് പാണംതുണ്ടിലെ ഞങ്ങുടെ അമ്മാച്ചൻമ്മാരും അവർക്ക് തുണയായി ദൈവം നൽകിയ കൂട്ടാളികളുമാണ് എന്ന് പറയുന്നതിൽ അധിയായ സന്തോഷമുണ്ട്. എല്ലാം ഓർമ്മയുടെ പുസ്തകത്തിൽ സൂക്ഷിക്കുന്നു.
ഞങ്ങളെ വിട്ട് വിശ്രമത്തിലേക്ക് പോയ രാജച്ചായൻ, തമ്പിച്ചായൻ എന്നിവരെ ഇവിടെ സ്മരിക്കുന്നു. ജോയമ്മാമ്മയെ മിക്കപ്പോഴും ഫോണിലും നേരിട്ടും സംസാരിക്കാറുണ്ട് ഒപ്പം വിളിക്കാറുമുണ്ടായിരുന്നു. ഞങ്ങൾ കുടുംബമായി സുവിശേഷ വേലക്ക് ഇറങ്ങിയപ്പോൾ കുറച്ചു കൂടെ ഞങ്ങളോട് താല്പര്യം കൂടിയിട്ടുണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
അമ്മാമ്മ സ്‌ഥിര താമസത്തിനായി അമേരിക്കയിൽ പോയിട്ടും തിരിച്ച് നാട്ടിൽ വരുമ്പോഴും എത്ര തിരക്കായാലും ഞങ്ങളുടെ വീട്ടിൽ വന്ന് അല്പനേരം ചിലവിടാറുണ്ട്.
ജോയമ്മാമ്മ ഞങ്ങളെ വിട്ട് യാത്ര തിരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഞങ്ങൾ കൂടുംബമായി ആശുപത്രിക്കിടക്കയിൽ പോയി കണ്ടു. ആ സമയവും വളരെ പ്രയാസമനുഭവികുന്ന സമയമായിരുന്നുവെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു നിമിഷം മനസ്സുകൊണ്ട് ആശ്വാസത്തിനായി പ്രാർത്ഥികുമ്പോൾ അമ്മാമ്മക്ക് ശ്വാസമെടുക്കാൻ തടസ്സമാകുന്നത് കാണാമായിരുന്നു. കണ്ടു നിൽക്കുന്നവർക്ക് വ്യക്തമായി മനസ്സിലാകും ഈ ലോകത്തിലെ കഷ്ടങ്ങൾ മാറി അമ്മാമ്മ പ്രത്യാശിച്ചിരുന്ന ശുഭ തുറമുഖത്തേക്കുള്ള യാത്രയുടെ നിമിഷമാണ് ഇനി തൊട്ടു മുമ്പിലെന്ന് പറയാതെ തന്നെ ആരും ചിന്തിച്ചു പോകും. 15/07/2026 അതിരാവിലെ താൻ പ്രീയം വച്ച കർത്താവിനോടു കൂടെ ചേർന്നു. നാമെല്ലാവരും ഈ വഴിയെ യാത്ര തിരിക്കേണ്ടവരാണല്ലോ അതേ തീർച്ചയായും നാം അതിന് വേണ്ടി ഈ ലോകത്തിൽ തയ്യാറായേ മതിയാകു.
വേദന നിറഞ്ഞ ഈ സമയത്ത് മകൻ ജെറി, ഭാര്യ ഷിജി അവരുടെ മൂന്ന് മക്കളെയും മകൾ റെൻസി, ഭർത്താവ് സിബി അവരുടെ മൂന്ന് മക്കളെയും പാണംതുണ്ടിലെ എല്ലാ കുടുംബംഗങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഉയർപ്പിൻ്റെ പൊൻ പുലരിയിൽ മുഖാമുഖമായി ജോയമ്മാമ്മയെ നേരിൽ കാണാം എന്ന പുന:രുദ്ധാന പ്രത്യാശയിൽ ആശ്രയിക്കുന്നു.



















