ചക്കക്കൊമ്പൻ ദൗത്യം : ചിന്നക്കനാലിൽ കടുത്ത നിയന്ത്രണം ; ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇടുക്കി: മിഷൻ ചക്കക്കൊമ്പന്റെ ഭാഗമായി ചിന്നക്കനാലിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം.

നിരോധനാജ്ഞ പ്രഖ്യാപിച്ച ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

തടാകക്കരയിൽ തുടരുന്ന ഒറ്റയാന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വെറ്ററിനറി സംഘത്തിന്റെ റിപ്പോർട്ട്. ഇന്നലെ തടാകം നീന്തിക്കടന്ന് തുരുത്തിലെത്തിയ ആന ഇന്ന് പുലർച്ചയോടെ 80 ഏക്കർ മേഖലയിലേക്ക് തിരിച്ചെത്തി. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വനംവകുപ്പ് സംഘം പൂർണ സജ്ജമാണ്.

അതേസമയം, ചിന്നക്കനാലിലെ വിനോദസഞ്ചാര മേഖലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയർ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി 12 മണി മുതൽ ചിന്നക്കനാലിൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. ആളുകൾ കൂട്ടം കൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കുണ്ട്.

ഒറ്റയാന്റെ നീക്കങ്ങൾ കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്.

RELATED STORIES